അങ്കാറ: സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്ന അന്താരാഷ്ട്ര കരാറില്‍നിന്ന് തുര്‍ക്കി പിന്മാറി. പ്രസിഡന്റ് റജബ് തയിപ് എര്‍ദോഗന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് കരാറില്‍നിന്നു പിന്‍മാറിയത്. അതേസമയം കരാറില്‍നിന്നു പിന്മാറുന്നതിന് സര്‍ക്കാര്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ഗാര്‍ഹിക പീഡനം തടയാനും വിചാരണ ചെയ്യാനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനുമുള്ള കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ ഉടമ്പടിയില്‍ 2011-ലാണ് ഇസ്താംബുള്‍ കണ്‍വെന്‍ഷനില്‍ വച്ച് തുര്‍ക്കി ഒപ്പിട്ടത്. അടുത്തകാലത്തായി സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തുര്‍ക്കിയില്‍ വര്‍ദ്ധിച്ചു വരുകയാണ്.
എര്‍ദോഗന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ എകെ പാര്‍ട്ടിയിലെ പ്രമുഖര്‍ ഈ കരാറിനെ അനുകൂലിക്കുന്നില്ലായിരുന്നു കരാറില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം നിയമ ലംഘനങ്ങള്‍ക്കു വഴിയൊരുക്കുന്നു എന്നതാണ് അവര്‍ ഉയര്‍ത്തുന്ന ആരോപണം.
തുര്‍ക്കിയിലെ യാഥാസ്ഥിതികര്‍ ഈ കരാര്‍ കുടുംബഘടനകളെ ദുര്‍ബലപ്പെടുത്തുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് വാദിക്കുന്നു. ലിംഗസമത്വം സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നതായും അവര്‍ വാദിക്കുന്നു.
യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന രാജ്യമാണ് തുര്‍ക്കി. സ്ത്രീ സമത്വ കരാറുകളില്‍നിന്നുള്ള പിന്മാറ്റം അവരുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അസാധ്യമാക്കുമെന്ന്് നിരീക്ഷകര്‍ കരുതുന്നു. യൂറോപ്യന്‍ യൂണിയന്റെ മൂല്യങ്ങളില്‍നിന്നു തുര്‍ക്കി കൂടുതല്‍ അകലുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചും സ്ത്രീഹത്യകളെക്കുറിച്ചുമുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ തുര്‍ക്കിയുടെ വൈകശമില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം തുര്‍ക്കിയിലെ 38% സ്ത്രീകള്‍ പങ്കാളിയുടെ ആക്രമണത്തിന് വിധേയരാകുന്നു. യൂറോപ്പില്‍ ഇത് 25% ആണ്.