മാധ്യമ മുക്ത മണിക്കൂർ എല്ലാ കുടുംബങ്ങളിലും ഉണ്ടാവണം: കെസിബിസി

മാധ്യമ മുക്ത മണിക്കൂർ എല്ലാ കുടുംബങ്ങളിലും ഉണ്ടാവണം: കെസിബിസി

കുടുംബ വർഷാചരണത്തോടനുബന്ധിച്ച് കെസിബിസി ഫാമിലി കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ കുടുംബങ്ങളുടെ നവീകരണമാണ് ലക്ഷ്യമെന്ന് എടുത്ത് പറയുന്നു. 'കുടുംബങ്ങളുടെ നവീകരണവും വീണ്ടെടുപ്പും' എന്നതാണ് കുടുംബ വർഷത്തിന്റെ വിഷയം.

യൗസേപ്പ് പിതാവിനെ സഭയുടെ സംരക്ഷനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അമ്പതാം വർഷം ആചരിക്കുന്ന ഈ വർഷം ഫ്രാൻസിസ് മാർപ്പാപ്പ വി യൗസേപ്പ് പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. അതോടൊപ്പം തന്നെ ഈ വർഷം കുടുംബവർഷമായും പിതാവ് പ്രഖ്യാപിച്ചിരിക്കുന്നു. ഫ്രാൻസിസ് ‌ പാപ്പ കുടുംബങ്ങളുടെ പവിത്രതയും വിവാഹത്തിന്റെ അമൂല്യതയും വ്യക്തമാക്കുന്ന തന്റെ അപ്പസ്തോലിക പ്രബോധനം “അമോരിസ്ലെത്തീസ്യ' (സ്‌നേഹത്തിന്റെ ആനന്ദം) പ്രസിദ്ധീകരിച്ചതിന്റെ അഞ്ചാംവാര്‍ഷികത്തിലാണ്‌ കുടുംബവര്‍ഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൗൺസിൽ കുടുംബത്തെ ഗാർഹിക സഭ എന്ന് വിശേഷിപ്പിച്ചിരുന്നു. ഓരോ കുടുംബവും സഭയുടെ ഒരു ചെറിയ പതിപ്പാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ വീക്ഷണത്തില്‍ “ദൈവീക പദ്ധതിയില്‍ കുടുംബം സ്ഥാപിച്ചിരിക്കുന്നത്‌ ജീവന്റെയും സ്നേഹത്തിന്റെയും ഒരൊറ്റ കൂട്ടായ്‌മയായിട്ടാണ്‌ ". കുടുംബത്തില്‍ ഭാരൃഭര്‍ത്താക്കന്മാര്‍ പരസ്പരം തങ്ങളെത്തന്നെ ദാനം ചെയ്ത്‌, വിവാഹ വാഗ്ദാനത്തോട്‌ അനുദിനം വിശ്വസ്തത പുലര്‍ത്തിക്കൊണ്ട്‌ തങ്ങളുടെ കൂട്ടായ്മയില്‍ നിരന്തരം വളര്‍ച്ച പ്രാപിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് സർക്കുലറിൽ പറയുന്നു.

കുടുംബത്തെ അടിസ്ഥാനപരമായി ഗാര്‍ഹിക സഭയായി കാണുമ്പോള്‍ മാനുഷികവും ധാര്‍മ്മികവുമായ എല്ലാ മൂല്യങ്ങളും വളരേണ്ടതും പക്വത പ്രാപിക്കേണ്ടതും കുടുംബത്തിലാണെന്ന്‌ സഭ ‌ പഠിപ്പിക്കുന്നുവെന്ന് സർക്കുലറിൽ എടുത്ത് പറയുന്നു. മാധ്യമങ്ങളുടെ അതിപ്രസരത്തിൽ പെട്ട് പരസ്പര ബന്ധമില്ലാതെ ഒറ്റപ്പെട്ട തുരുത്തായി മാറിക്കൊണ്ടിരിക്കുന്നു ഓരോ കുടുംബവും. എല്ലാ കുടുംബത്തിലും 'മാധ്യമ മുക്ത മണിക്കൂർ' ഉണ്ടാവണമെന്ന് സർക്കുലറിൽ പറയുന്നു. എങ്കിൽ കുടുംബങ്ങൾ പ്രാർത്ഥനയുടെയും സ്നേഹ സംഭാഷണങ്ങളുടെയും ഇടങ്ങളായി മാറും.

കുടുംബത്തിൽ പ്രോലൈഫ് പ്രവർത്തനങ്ങൾ ശക്തമാക്കണം. ഇടവകകളിൽ പ്രൊ ലൈഫ് സമിതികൾ രൂപീകരിക്കുകയും ജീവനെ സംരക്ഷിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും വേണം. വിവാഹമെന്ന കൂദാശ സ്വീകരിക്കാതെ പാപാവസ്ഥയിൽ കഴിയുന്നവരെ വീണ്ടെടുക്കാൻ ശ്രമിക്കണം.
കുടുംബ സംഗമങ്ങൾ ഉണ്ടാവണം.

ഇന്ന്‌ സഭ വളരേണ്ടതും വിശുദ്ധീകരിക്കപ്പെടേണ്ടതും കുടുംബങ്ങളുടെ വിശുദ്ധീകരണം വഴിയാണ്‌. ആത്മീയമായും ഭാതികമായും കുടുംബങ്ങളെ വീണ്ടെടുക്കുന്ന ഒരു വര്‍ഷമായി ഈ വര്‍ഷം മാറട്ടെയെന്നും അതുവഴിയഥാര്‍ത്ഥ സ്നേഹവും ആനന്ദവും ഓരോ കുടുംബങ്ങളിലും നിറയട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു എന്നും ബിഷപ്പ്മാർ പറഞ്ഞു.
2021 മാര്‍ച്ച്‌ 19-ന്‌ തുടങ്ങി 2022 ജൂണ്‍ 26-ന്‌ റോമില്‍ നടക്കുന്ന ആഗോള കുടുംബസംഗമത്തോടെ കുടുംബവര്‍ഷാചരണം സമാപിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.