ഓസ്‌ട്രേലിയയില്‍ ആഭ്യന്തര മെയില്‍ സര്‍വീസ് വഴി ലഹരികടത്ത്; പോലീസ് പിടിച്ചെടുത്തത് നൂറിലധികം പാഴ്‌സലുകള്‍

ഓസ്‌ട്രേലിയയില്‍ ആഭ്യന്തര മെയില്‍ സര്‍വീസ് വഴി ലഹരികടത്ത്; പോലീസ് പിടിച്ചെടുത്തത് നൂറിലധികം പാഴ്‌സലുകള്‍

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ വന്‍ ലഹരി മരുന്ന് വേട്ട. പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ മാരക ലഹരിമരുന്നുകള്‍ പോലീസ് പിടികൂടി. രാജ്യത്തെ ആഭ്യന്തര മെയില്‍ സര്‍വീസ് വഴി കടത്തിയ നൂറിലധികം പാഴ്‌സലുകളാണ് കഴിഞ്ഞ ദിവസം വിക്‌ടോറിയ സംസ്ഥാനത്ത് പോലീസ് പിടികൂടിയത്. വിലകൂടിയ ലഹരിമരുന്നുകളായ കൊക്കെയ്ന്‍, എല്‍എസ്ഡി, സ്റ്റിറോയിഡുകള്‍ തുടങ്ങിയവയും പണവുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ പോസ്റ്റല്‍ സര്‍വീസ് അനധികൃത കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള പോലീസ് ഓപ്പറേഷനിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.

3.2 കിലോഗ്രാം കഞ്ചാവ്, 45 ഗ്രാം കൊക്കെയ്ന്‍, പല രാജ്യങ്ങളും നിരോധിച്ച ഉത്തേജകമായ 79 ഗ്രാം മെത്താംഫെറ്റാമിന്‍, 265 എല്‍എസ്ഡി സ്റ്റാമ്പുകള്‍, അര ലിറ്റര്‍ സ്റ്റിറോയിഡുകള്‍, ലൈംഗിക ഉത്തേജകമായ ജിഎച്ച്ബി എന്നിവ അടങ്ങിയ 108 പാക്കേജുകള്‍ കണ്ടെത്തി.

വിക്ടോറിയ പോലീസ്, ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ്, ബോര്‍ഡര്‍ ഫോഴ്സ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഓസ്ട്രേലിയ പോസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് കടത്ത് കണ്ടെത്തിയത്.
ധാരാളം മരുന്നുകളും കണ്ടെത്തിയതായി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് ഡാര്‍ലോ പറഞ്ഞു.

മയക്കുമരുന്ന് വില്‍ക്കാന്‍ കുറ്റവാളികള്‍ രാജ്യത്തെ മെയില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് ഗൗരവമായി കാണണമെന്ന് ഡാര്‍ലോ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.