ന്യൂയോർക്ക് : സ്വന്തം നെറ്റ്‌വർക്കിലൂടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലേക്ക് മടങ്ങിവരുന്നു. ട്രംപിന്റെ 2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദീർഘകാല ഉപദേശകനും വക്താവുമായ ജേസൺ മില്ലർ, ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത് . പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ ആകർഷിക്കുകയും സോഷ്യൽ മീഡിയയിൽ നിലവിലുള്ള നിയമങ്ങളെ പൂർണ്ണമായും പുനർനിർവചിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ പ്ലാറ്റ്‌ഫോം പൂർണ്ണമായും ട്രംപിന്റെ നിയന്ത്രണത്തിലായിരിക്കും.
ഇതിന്റെ നിർമ്മാണത്തിനായി മുൻ പ്രസിഡന്റിനെ നിരവധി കമ്പനികൾ സമീപിച്ചിട്ടുണ്ടെന്നും ചർച്ച നടത്തിവരികയാണെന്നും മില്ലർ പറഞ്ഞു.
ജനുവരി ആറിന് യുഎസ് ക്യാപിറ്റൽ കലാപത്തിന് പ്രേരിപ്പിച്ചതിനെത്തുടർന്ന് ട്രംപിനെ ട്വിറ്ററിൽ നിന്നും ഫേസ്ബുക്ക് പോലുള്ള മറ്റ് സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ശാശ്വതമായി സസ്‌പെൻഡ് ചെയ്തിരുന്നു . ട്രംപിന്റെ ട്വിറ്റർ നിരോധനത്തെത്തുടർന്ന്, പാർലർ, ഗാബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാകുവാൻ ശ്രമിച്ചു ; എങ്കിലും ഫലവത്തായില്ല.
സോഷ്യൽ മീഡിയയിൽ ട്വിറ്റർ, ഫേസ്‌ബുക് എന്നീ പ്ലാറ്റ്‌ഫോമുകൾ പുലർത്തുന്ന മനോഭാവം പല രാജ്യങ്ങളും കമ്പനികളും ,വ്യക്‌തികളും ചോദ്യം ചെയ്യുന്നു. ട്വിറ്ററിന്റെ സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ സർക്കാർ ‘കു ‘ എന്ന ഇന്ത്യൻ ആപ്പിനെ പ്രോത്സാഹിപ്പിച്ചു വരുന്നു.