സിഡ്‌നി: ഓസ്‌ട്രേലിയയിലെ തെക്കന്‍ ടാസ്മാന്‍ കടലിനു മുകളില്‍ രൂപംകൊണ്ട ശക്തമായ ന്യൂമര്‍ദം മൂലം ന്യൂ സൗത്ത് വെയില്‍സിലും സമീപപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണു പ്രവചനം.
ഇതിനകം പ്രളയം ആഘാതമേല്‍പ്പിച്ച സ്ഥലങ്ങളില്‍ ഇന്ന് 50 മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നതിനാല്‍ അപകടകരമായ അവസ്ഥ തുടരുകയാണ്. അഞ്ചു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ന്യൂ സൗത്ത് വെയിസിലെ നിരവധി നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്. പ്രളയത്തില്‍ വ്യാപകനാശമുണ്ടായി. 50000-ല്‍ അധികം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയദുരന്തമാണ് ഇവിടത്തെ ജനങ്ങള്‍ നേരിടുന്നത്.
ഹോക്സ്ബറി നദിയിലെ ജലനിരപ്പ് 13.16 മീറ്റര്‍ ഉയര്‍ന്നതോടെ സമീപ്രദേശമായ നോര്‍ത്ത് റിച്ച്മൗണ്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി. 1961-ലുണ്ടായ ജലനിരപ്പിനേക്കാള്‍ ഉയര്‍ന്ന തോതാണിത്. നേപ്പിയന്‍, കൊളോ നദീതീരങ്ങളില്‍ ഇന്നും വെള്ളം ഉയരുമെന്ന മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന്‍ ജോനാഥന്‍ ഹൗ പറഞ്ഞു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശുകയും ഉയര്‍ന്ന തോതില്‍ വേലിയേറ്റമുണ്ടാകുകയും ചെയ്യും.
നോര്‍ത്ത് താംബൂരിനിലെ ഗോള്‍ഡ് കോസ്റ്റ് ഉള്‍പ്രദേശത്താണ് കഴിഞ്ഞ രാത്രി ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്-263 മില്ലിമീറ്റര്‍. ബ്രിസ്ബേന്‍ സിബിഡിയില്‍ പെയ്തത് 125 മില്ലിമീറ്റര്‍ മഴ. പോര്‍ട്ട് മക്വറിയുടെ തെക്ക് ഭാഗത്തുള്ള കോംബോയ്ന്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെ 9 നും തിങ്കളാഴ്ച രാവിലെ 9 നും ഇടയില്‍ 889 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
മൂന്ന്, നാല് മാസങ്ങളില്‍ പെയ്യേണ്ട മഴയാണ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ പെയ്തതെന്ന് ജോനാഥന്‍ ഹൗ പറഞ്ഞു. അതേസമയം
ബുധനാഴ്ചയോടെ എന്‍എസ്ഡബ്ല്യു, തെക്കന്‍ ക്വീന്‍സ്ലാന്റ് എന്നിവിടങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്തുണ്ടായ നാശനഷ്ടം ഇനിയും വിലയിരുത്താനായിട്ടില്ല. മണ്ണിടിച്ചില്‍ മൂലം പല റോഡുകളും തകര്‍ന്ന നിലയിലാണ്. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം പേരാണ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിലേക്ക് സഹായത്തിനായി വിളിച്ചത്. ന്യൂ സൗത്ത് വെയിസിന്റെ ആകാശദൃശ്യങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ ഭീകരത വെളിവാക്കുന്നതാണ്.