ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പകളുടെ തിരിച്ചടവിന് നല്‍കിയ മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. എന്നാല്‍ വായപ്കള്‍ക്ക് പിഴപ്പലിശ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴില്ലെന്നും അപ്രകാരം ബാങ്കുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ പണം തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേല്‍ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു. സാമ്പത്തിക പാക്കേജും സാമ്പത്തിക പദ്ധതികളും വിശദമായ പഠനത്തോടെ സര്‍ക്കാര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.
ഏതെങ്കിലും ഒരു മേഖലയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.