ട്രെയിനില്‍ സന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധാര്‍ഹം: അന്വേഷണം വേണണമെന്ന് കെസിബിസി

ട്രെയിനില്‍ സന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധാര്‍ഹം: അന്വേഷണം വേണണമെന്ന് കെസിബിസി

ന്യൂഡല്‍ഹി: ട്രെയിനില്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രൊവിന്‍സിലെ നാലു സന്യാസിനികള്‍ ഉത്തരപ്രദേശിലെ ഝാന്‍സിയില്‍ വച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുകയും പോലീസ് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമെന്ന് കെ.സി.ബി.സി. സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തിലായതിനാലും ആക്രമിക്കപ്പെട്ട സന്യാസിനിമാരിലൊരാള്‍ മലയാളി ആയതിനാലും കേരളസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ മാത്രമുള്ള മതംമാറ്റ നിരോധന നിയമം ലംഘിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് നാല് സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നത്. ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്ക് ട്രെയിനില്‍ യാത്രചെയ്തു എന്നതല്ലാതെ ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ലാത്ത നാല് പേര്‍ക്കെതിരെ ആ സംസ്ഥാത്തെ മാത്രം നിയമപ്രകാരം കേസെടുക്കാന്‍ ശ്രമിച്ച സംഭവം അപലപനീയമാണ്.

രേഖകള്‍ പരിശോധിച്ച് ആരോപണം തെറ്റാണെന്ന് ബോധ്യമായിട്ടും പോലീസ് കസ്റ്റഡിയില്‍ എടുത്തു. വനിതാ പോലീസില്ലാതെ ബലപ്രയോഗത്തിലൂടെ ട്രെയിനില്‍നിന്നിറക്കുക, അപരിചിതമായ സ്ഥലത്തുവച്ച് നാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരാള്‍ക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കുന്ന സുരക്ഷിതത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.

കേന്ദ്ര സര്‍ക്കാരും റെയില്‍വേയും ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മിഷനും വിഷയത്തില്‍ ഇടപെടണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.