ബീജിംഗ്: ചൈനയില്‍നിന്നു മൂവായിരം വര്‍ഷം പഴക്കമുള്ള സ്വര്‍ണം കൊണ്ടു നിര്‍മിച്ച മുഖാവരണം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചൈനയിലെ സിച്യുവാന്‍ പ്രവിശ്യയിലെ പുരാവസ്തു പര്യവേഷണത്തിനിടെയാണ് 3,000 വര്‍ഷം പഴക്കമുള്ള സ്വര്‍ണ്ണം കൊണ്ടുള്ള മുഖാവരണത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കരകൗശല വസ്തുക്കളുടെ വലിയ ശേഖരം കണ്ടെത്തിയത്. മുഖാവരണത്തിന് 280 ഗ്രാം തൂക്കമുണ്ട് (0.6 പൗണ്ട്). 84 ശതമാനവും സ്വര്‍ണ്ണത്തില്‍ തീര്‍ത്തതാണിത്.
പ്രാചീനകാലത്ത് ബലിദര്‍പ്പണത്തിനായി ഉപയോഗിച്ചിരുന്ന കുഴികള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ലഭിച്ച 500 ലധികം കരകൗശലവസ്തുക്കളില്‍നിന്നാണ് മുഖാവരണവും കണ്ടെത്തിയത്. സിച്യുവാന്റെ തലസ്ഥാനമായ ചെങ്ഡുവിന് സമീപം സാന്‍ക്സിങ്ഡുയില്‍ 4.6 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള സ്ഥലത്തുനിന്നാണ് ഈ കണ്ടെത്തലുകള്‍. ചടങ്ങുകളില്‍ ആചാരത്തിന്റെ ഭാഗമായിട്ട് അണിഞ്ഞിരുന്ന മുഖാവരണമാണിതെന്നാണ് ഗവേഷകരുടെ നിഗമനം.
ബി.സി. 316-ല്‍ പടിഞ്ഞാറന്‍ സിച്യുവാന്‍ നദീതീരത്തുള്ള പുരാതന ഷു സംസ്ഥാനത്തെക്കുറിച്ച് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലെന്ന് പര്യവേഷണത്തിനു നേതൃത്വം നല്‍കുന്ന ചൈനയിലെ നാഷണല്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ പറഞ്ഞു. സ്വര്‍ണ്ണ മുഖാവരണത്തിനു പുറമേ, വെങ്കലം, സ്വര്‍ണ്ണ തകിടുകള്‍, ആനക്കൊമ്പ്, രത്‌നം, അസ്ഥി എന്നിവകൊണ്ട് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും ലഭിച്ചു. ഇതുവരെ തുറക്കാത്ത തടിയില്‍ നിര്‍മിച്ച പെട്ടി, മൂങ്ങയുടെ ആകൃതിയിലുള്ള വെങ്കല പാത്രം എന്നിവയും ലഭിച്ചു
1920 മുതല്‍ 50,000 ത്തിലധികം പുരാതന കരകൗശലവസ്തുക്കള്‍ സാന്‍ക്‌സിങ്ഡുയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1986 ല്‍ രണ്ട് ബലിദര്‍പ്പണത്തിനായുള്ള കുഴികള്‍ കണ്ടെത്തിയതോടെയാണ് ഗവേഷണത്തില്‍ നിര്‍ണായക മുന്നേറ്റമുണ്ടായത്. നന്നായി സംരക്ഷിക്കപ്പെട്ട നിലയിലുള്ള വെങ്കല മുഖാവരണങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പുരാതന വസ്തുക്കളാണ് അന്നു ലഭിച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, 2019-ല്‍ മൂന്നാമത്തെ കുഴി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം അഞ്ച് എണ്ണം കൂടി കണ്ടെത്തി.