ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷ ശക്തമാക്കി. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് പരമാവധി ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
പശ്ചിമ ബംഗാളിലെ മുപ്പതും അസമിലെ നാല്പത്തിഎട്ടും സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സ്റ്റേഷനുകളും വോട്ടിംഗ് മെഷിനുകളും സജ്ജമായി കഴിഞ്ഞെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. അസമില്‍ നാളേക്ക് പുറമെ ഏപ്രില്‍ 2, 6 തിയതികളിലും വോട്ടെടുപ്പ് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ ആയിരം പേര്‍ക്കേ വോട്ട് ചെയ്യാന്‍ കഴിയൂ.