വാഷിങ്ടണ്‍: നാസയും ഐ.എസ്.ആര്‍.ഒയും തമ്മിലുള്ള സഹകരണം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് സഹായകരമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്. ആഗോളതലത്തില്‍ ഭൂമിയിലെ വിഭവങ്ങള്‍ കണ്ടെത്താനും പ്രകൃതിക്ഷോഭം അടക്കമുള്ളത് മുന്‍കൂട്ടി കാണാനും ഉപകരിക്കുന്ന ഉപഗ്രഹ നിര്‍മ്മാണങ്ങളും വിക്ഷേപണവുമാണ് നാസയും ഐ.എസ്.ആര്‍.ഒയും ചേര്‍ന്നു നടത്തുന്നത്. നിസാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദൗത്യത്തിനായി അത്യാധുനിക ഉപകരണങ്ങളടക്കം ഇന്ത്യ അമേരിക്കയിലേക്ക് അയച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഭൂമിയെ സമഗ്രമായി നിരീക്ഷിക്കുന്ന സംവിധാനമാണ് നിസാര്‍ ദൗത്യം. സംയുക്ത സംരംഭത്തിലൂടെ ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളും നിരീക്ഷിക്കപ്പെടും. അയക്കുന്ന ഉപകരണത്തില്‍ അത്യാധുനിക പരീക്ഷണ നിരീക്ഷണ സംവിധാനങ്ങളാണ് ഘടിപ്പിക്കുന്നതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി.
നാസയും ഐ.എസ്.ആര്‍.ഒയും തമ്മിലുള്ള പങ്കാളിത്തം ആവേശകരമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കുക. പ്രകൃതി വിഭവങ്ങളെ കണ്ടെത്തുക എന്നത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്തം ആവശ്യമുള്ള കാര്യമാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂട്ടിച്ചേര്‍ക്കുന്നു.