ഉയിഗര്‍ പീഡനം; ഉപരോധമേര്‍പ്പെടുത്തിയ ബ്രിട്ടന് തിരിച്ചടി കൊടുത്ത് ചൈന

ഉയിഗര്‍ പീഡനം; ഉപരോധമേര്‍പ്പെടുത്തിയ ബ്രിട്ടന് തിരിച്ചടി കൊടുത്ത് ചൈന

ബെയ്ജിങ്: ചൈനീസ് പ്രവിശ്യയായ സിന്‍ജിയാങ്ങില്‍ ഉയിഗര്‍ മുസ്ലിങ്ങള്‍ക്കു നേരേ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധനടപടി സ്വീകരിച്ച ബ്രിട്ടന് തിരിച്ചടി കൊടുത്ത് ചൈന. നാലു ചൈനീസ് ഉദ്യോഗസ്ഥരെ വിലക്കിയ ബ്രിട്ടീഷ് നടപടിക്കു പകരമായി ബ്രിട്ടനിലെ അഞ്ച് എംപിമാര്‍ ഉള്‍പ്പെടെ ഒന്‍പതു വ്യക്തികള്‍ക്ക് ചൈനയും ഉപരോധമേര്‍പെടുത്തി. കണ്‍സര്‍വേറ്റീവ് കക്ഷി മുന്‍ നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് ഉള്‍പെടെ ചൈനക്കെതിരേ ഉപരോധത്തിന് ഒരു വര്‍ഷത്തോളം മുന്‍നിരയില്‍നിന്ന രാഷ്ട്രീയ നേതാക്കളാണ് ഉപരോധ പട്ടികയിലുള്ളത്. ചൈനയെക്കുറിച്ച് നുണകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നുവെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.

യൂറോപ്യന്‍ അക്കാദമിക് വിദഗ്ധന്‍, അഭിഭാഷകന്‍, ബുദ്ധിജീവികള്‍ എന്നിവരും വിലക്ക് വീണവരില്‍പെടും. സിന്‍ജിയാങ്ങിലുടനീളം സ്ഥാപിച്ച തടവറകളില്‍ 10 ലക്ഷത്തിലേറെ ഉയിഗര്‍ മുസ്‌ലിംകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരെ ചൈനീസ് ദേശീയതയിലേക്ക് എത്തിക്കാനും മത ബോധം നഷ്ടപ്പെടുത്താനും ആസൂത്രിത പദ്ധതികളാണ് നടപ്പാക്കുന്നത്. നിര്‍ബന്ധിത തൊഴിലിനൊപ്പം തടവറയിലെ വനിതകള്‍ കൂട്ട ബലാല്‍സംഗത്തിനിരയാകുന്നതായി അടുത്തിടെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തീവ്രവാദികള്‍ക്കു പുനര്‍വിദ്യാഭ്യാസമാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുന്നതെന്നാണ് ചൈനയുടെ വിശദീകരണം. ഡങ്കന്‍ സ്മിത്തിനു പുറമെ ടോം ടുഗെന്‍ഡ്ഹാറ്റ്, നസ്രത്ത് ഗാനി, നീല്‍ ഒബ്രിയന്‍, ടിം ലോട്ടണ്‍ തുടങ്ങിയവരാണ് വിലക്കുവീണ ബ്രിട്ടീഷ് എം.പിമാര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.