കയ്‌റോ: സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ ചരക്കുക്കപ്പല്‍ എവര്‍ ഗിവണ്‍ നീക്കാനുള്ള തീവ്രശ്രമം തുടരുന്നു.
പ്രതികൂല കാലാവസ്ഥ തുടരുന്നതു മൂലം രക്ഷാപ്രവര്‍ത്തനം ആഴ്ചകളോളം നീണ്ടേക്കാം. കപ്പലിന്റെ മുന്‍ഭാഗത്തുള്ള ബല്‍ബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 20,000 ക്യുബിക് മീറ്റര്‍ മണലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടുന്ന ഡ്രജിങ് പൂര്‍ത്തിയായാലുടന്‍ കപ്പല്‍ വലിച്ചുനീക്കുന്ന ദൗത്യം പുനരരാംഭിക്കുമെന്ന് സൂയസ് കനാല്‍ അതോറിറ്റി അറിയിച്ചു.
കനത്ത കാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണു 400 മീറ്റര്‍ നീളമുള്ള ചരക്കുക്കപ്പല്‍ കടല്‍പാതയ്ക്കു കുറുകെ കുടുങ്ങിയത്. ചൈനയില്‍നിന്നു റോട്ടര്‍ഡാമിലേക്കു പോകുകയായിരുന്നു കപ്പല്‍. തയ്വാനിലെ എവര്‍ഗ്രീന്‍ മറീന്‍ എന്ന കമ്പനിയുടേതാണ് ഗോള്‍ഡന്‍ ക്ലാസ് വിഭാഗത്തില്‍പ്പെട്ട കപ്പല്‍.
കപ്പല്‍ നീക്കാന്‍ യുഎസ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുര്‍ക്കിയും രക്ഷാദൗത്യത്തിനു സന്നദ്ധത പ്രകടിപ്പിച്ചു. കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ കിഴക്കന്‍ മതിലിലും വാലറ്റം പടിഞ്ഞാറന്‍ മതിലും കുരുങ്ങിക്കിടക്കുന്ന അസാധാരണ സാഹചര്യമാണുള്ളത്. കനാലിന്റെ 150 വര്‍ഷ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്.