ഭൂമിക്കു വേണ്ടി ഒരു മണിക്കൂര്‍ ഇരുട്ടിലാണ്ട് വത്തിക്കാനും

ഭൂമിക്കു വേണ്ടി ഒരു മണിക്കൂര്‍ ഇരുട്ടിലാണ്ട് വത്തിക്കാനും

റോം: ഭൂമിയുടെ സുസ്ഥിര ഭാവിക്കായുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത് വത്തിക്കാനും. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരേയുള്ള ഭൗമ മണിക്കൂര്‍ ആചരണത്തില്‍ വത്തിക്കാന്‍ സിറ്റി സ്‌റ്റേറ്റും പങ്കെടുത്തു. പരിസ്ഥിതി സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) ലോകമെമ്പാടും നടത്തുന്ന എര്‍ത്ത് അവര്‍ കാമ്പയിന്റെ ഭാഗമായി വത്തിക്കാനും ഒരു മണിക്കൂര്‍ ഇരുട്ടിലാണ്ടു. ശനിയാഴ്ച റോം സമയം രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയമാണ് വൈദ്യുതി ലൈറ്റുകള്‍ അണച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുന്‍ഭാഗവും താഴികക്കുടത്തിന്റെ വിളക്കുകളും അണച്ചു. സുരക്ഷാ കാരണങ്ങളാല്‍ വളരെക്കുറച്ച് ലൈറ്റുകള്‍ മാത്രം അണച്ചില്ല. റോമിലെ കൊളോസിയം, റിയോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍, പാരീസിലെ ഈഫല്‍ ടവര്‍, യൂറോപ്പിനേയും ഏഷ്യയേയും വേര്‍തിരിക്കുന്ന കടലിടുക്കായ ബോസ്ഫറസിനു മുകളിലുള്ള പാലം എന്നിവ ഉള്‍പ്പെടെ ചരിത്ര പ്രാധാന്യമുള്ള നിര്‍മിതികള്‍ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.

കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഡബ്ല്യുഡബ്ല്യുഎഫിന്റെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂര്‍ എന്നറിയപ്പെടുന്നത്.
ഭൂമിയിലെ ഏറ്റവും വലിയ ആഗോള അണിചേരലായി എര്‍ത്ത് അവറിനെ കണക്കാക്കുന്നു. ഒരു മണിക്കൂറോളം ലൈറ്റുകള്‍ ഓഫ് ചെയ്യുക എന്ന സന്ദേശത്തിലൂടെ എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെയും സ്ഥാപനങ്ങളെയും വ്യപാരാശാലകളെയും ഭൂമിയുടെ നിലനില്‍പ്പിനായുള്ള ഉദ്യമത്തില്‍ ഒന്നിപ്പിക്കുന്നു.

2007ല്‍ ഓസ്‌ട്രേലിയയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിച്ചത്. അന്ന് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ച് പൊതുജനവും വ്യവസായ സ്ഥാപനങ്ങളും ഭൗമ മണിക്കൂര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായി കണ്ടെത്തിയത്. ഇന്ന് 152 രാജ്യങ്ങളില്‍ ഈ കാമ്പയിന്‍ നടക്കുന്നു. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എര്‍ത്ത് അവര്‍ അഥവാ ഭൗമ മണിക്കൂര്‍ യജ്ഞത്തിന്റെ ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.