വാരാണസി: യാത്രാമധ്യേ ആകാശത്തുവെച്ച് വിമാനത്തിന്റെ അടിയന്തരവാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗൗരവ് എന്ന യാത്രക്കാരനെയാണ് വിമാന ജീവനക്കാരിയും സഹയാത്രക്കാരും ചേർന്ന് പോലീസിന് കൈമാറി. വിമാനത്തിൽ 89 യാത്രക്കാരുണ്ടായിരുന്നു. വാരാണസിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
വിമാനം പറന്നുയർന്നശേഷം ഗൗരവ് സീറ്റിൽനിന്ന് എഴുന്നേൽക്കുകയും വിമാനത്തിന്റെ അടിയന്തരവാതിലിനരികെയെത്തി അത് തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട ജീവനക്കാരി യാത്രക്കാരുടെ സഹായത്തോടെ ഇയാളെ തടയുകയായിരുന്നു.
വിമാനം വാരാണസി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഗൗരവിനെ സി.ഐ.എസ്.എഫിനും തുടർന്ന് പ്രാദേശിക പോലീസിനും കൈമാറിയെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.