ന്യൂഡല്‍ഹി: വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് ഇമ്രാന്‍ഖാന്‍ കത്തില്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കത്ത്.
പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള താത്പര്യം ഇമ്രാന്‍ ഖാന്‍ മോഡിയെ അറിയിച്ചിരിക്കുന്നത്.
സ്വതന്ത്ര, പരമാധികാര രാജ്യത്ത് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയണമെന്ന രാഷ്ട്ര ശില്‍പ്പികളുടെ ദീര്‍ഘ വീക്ഷണത്തിനുള്ള ആദരാഞ്ജലി ആയാണ് ഈ ദിനം പാക്കിസ്ഥാന്‍ ആഘോഷിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ വ്യക്തമാക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് കത്തില്‍ ആശംസകളും അറിയിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ ശുഭ സൂചനയായാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.