ന്യൂഡൽഹി: കോവിഡ് വാക്സിനായ സ്പുഡ്നിക് വി യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. സ്പുഡ്നിക് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന വാക്സിൻ നിർമാതാക്കാളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് നടപടി.
വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാൽ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത് വാക്സിനായി സ്പുഡ്നിക് മാറും. സ്പുഡ്നിക് വാക്സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങൾ വിദഗ്ധ സമിതിക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. അപേക്ഷയിൽ നടപടിയെടുക്കാൻ ബുധനാഴ്ചയാണ് സർക്കാർ നിർദേശം നൽകിയത്.
റഷ്യൻ നിർമിത വാക്സിനായ സ്പുഡ്നിക് റഷ്യ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിലെത്തിക്കുന്നത്. 91.6 ശതമാനമാണ് നിലവിൽ സ്പുഡ്നിക് വാക്സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. അനുമതി ലഭ്യമായാൽ കോവാക്സിനും കോവിഷീൽഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്സിനാവും സ്പുഡ്നിക് .