അബൂജ : മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് നൈജീരിയയിലെ ബൗച്ചി സംസ്ഥാനത്ത് സേഡ് സമുദായത്തിലെ ഒരുകൂട്ടം യുവാക്കൾ തല്ലെ മായ് റുവ എന്ന ചെറുപ്പക്കാരനെ ചുട്ടുകൊന്നു.
ചൊവ്വാഴ്ച മായ് റുവയെ അമ്മയുടെ സാന്നിധ്യത്തിൽ വീട്ടിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി ജനക്കൂട്ടത്തിന്റെ മദ്ധ്യത്തിൽ വച്ച് ചുട്ടുകൊല്ലു കയാണുണ്ടായത്. ഭീകര സംഭവത്തിന്റെ ചിത്രങ്ങൾ അവിടെ കൂടിയവർ സോഷ്യൽ മീഡിയയിൽ കൂടി പങ്കു വച്ചു. മായ് റുവയെ മർദ്ദിച്ച് അവശനാക്കിയ ശേഷം ടയറുകൾ ദേഹത്ത് കൂട്ടിയിട്ട് കത്തിച്ചു.
മായ് റുവയെ ചില യുവാക്കൾ ഇസ്ലാമിക പുരോഹിതരുടെ മുമ്പാകെ കൊണ്ട് ചെന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കി. അതിനു ശേഷം പുരോഹിതന്മാർ, തല്ലെ മായ് റുവ കൊല്ലപ്പെടാൻ അർഹനാണെന്ന് ജനക്കൂട്ടത്തോട് പറഞ്ഞു. തല്ലെ മായ് റുവയെ ചാരമാക്കി മാറ്റുന്നതുവരെ അമ്മ മാറി നിന്ന് വിലപിക്കുന്നുണ്ടായിരുന്നു എന്ന് കാഴ്ചക്കാർ അറിയിച്ചു . മായ് റുവ വ്യക്തമല്ലാത്ത തരത്തിലുള്ള മാനസികരോഗങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയാണെന്ന് പട്ടണ നിവാസികൾ പറഞ്ഞു.
വടക്കൻ നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ഒരാൾക്ക് വധശിക്ഷ നൽകുന്നത് ഇതാദ്യമല്ല. മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് 2020 ഓഗസ്റ്റിൽ കാനോയിലെ ഒരു സംഗീതജ്ഞനെ തൂക്കിക്കൊല്ലാൻ വിധിച്ചു. മാർച്ചിൽ വാട്‌സ്ആപ്പ് വഴി പ്രചരിച്ച ഒരു ഗാനത്തിൽ മതനിന്ദ നടത്തിയതിന് 22 കാരനായ യഹയ ഷെരീഫ്-അമിനു കുറ്റക്കാരനാണെന്ന് അപ്പീൽ ശരീഅത്ത് കോടതി തീരുമാനിച്ചു.
13 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ പ്പോലും മതനിന്ദ കുറ്റം ഉപയോഗിച്ച് ശിക്ഷിച്ചിട്ടുണ്ട് . നൈജീരിയ സെക്കുലർ ഭരണഘടന ആണ് അംഗീകരിക്കുന്നതെങ്കിലും പല സംസ്ഥാനങ്ങളിലും ശരി അത്ത് നിയമമാണ് നടപ്പിലായിരിക്കുന്നത്. നൈജീരിയൻ ക്രൈസ്തവർ ഭയത്തോടുകൂടിയാണ് ഈ സംസ്ഥാനങ്ങളിൽ കഴിയുന്നത് .