കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ബിസിനസ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പില്‍ കുട്ടി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു പരുക്കേറ്റു. ഓറഞ്ച് നഗരത്തില്‍ ബുധനാഴ്ച വൈകീട്ട് 5.30-നായിരുന്നു ആക്രമണം. പോലീസുമായുള്ള വെടിവയ്പില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ നടക്കുന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്.
നിരവധി ചെറുകിട ബിസിനസുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ടു നില ഓഫീസ് സമുച്ചയത്തില്‍ വെടിവയ്പ്പ് നടക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. രണ്ടാമത്തെ നിലയിലാണ് വെടിവയ്പ്പ് ആരംഭിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ടെന്നു പോലീസ് ലെഫ്റ്റനന്റ് ജെന്നിഫര്‍ അമാത് അറിയിച്ചു. വെടിവെയ്പ്പ് നടത്തിയത് ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ലോസ് എയ്ഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെ 14 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന നഗരമാണ് ഓറഞ്ച്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ആക്രമണം ഹൃദയഭേദകമാണെന്നും പ്രതികരിച്ചു.
മാര്‍ച്ച് 22 ന് കൊളറാഡോയിലെ പലചരക്ക് കടയില്‍ നടന്ന വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ അറ്റ്‌ലാന്‍ഡയില്‍ മസാജ് പാര്‍ലറില്‍ നടന്ന വെടിവയ്പ്പില്‍ ഏഷ്യന്‍ വംശജരായ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെയും വെടിവച്ച് കൊന്നിരുന്നു.