തായ്‌പേയ്(തായ് വാന്‍): കിഴക്കന്‍ തായ് വാനില്‍ തുരങ്കത്തിനുള്ളില്‍ ട്രെയിന്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം 51 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തായ് വാന്‍ സമയം രാവിലെ 9.30-നായിരുന്നു അപകടം. തലസ്ഥാനമായ തായ്പേയില്‍ നിന്ന് തായ്തുങ് നഗരത്തിലേക്കു പോകുകയായിരുന്ന ട്രെയിനില്‍ 350 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഹുലിയാന്‍ നഗരത്തില്‍ തുരങ്കത്തിനു മുന്നില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടം.
പാളത്തില്‍ നിന്ന് അകന്നുമാറിയ നാലു കമ്പാര്‍ട്ടുമെന്റുകള്‍ ടണലില്‍ കുടുങ്ങിക്കിടക്കുകയാണ്. കമ്പാര്‍ട്ടുമെന്റുകളുടെ വാതില്‍ തകര്‍ത്താണ് പരുക്കേറ്റവരെ പുറത്തെടുത്തത്. കോച്ചുകള്‍ പലതും തുരങ്കത്തിന്റെ ഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. അവധി സമയമായിരുന്നതിനാല്‍ ട്രെയിനില്‍ തിരക്കേറെയായിരുന്നു.
61 യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. 72 യാത്രക്കാരോളം തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു.
തായ് വാനില്‍ പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളോട് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ അനുശോചനം രേഖപ്പെടുത്തി.