ബെംഗളൂരു: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയിരുന്നു. അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ പശുക്കളുണ്ടായിരുന്നില്ല.
യുവാക്കള്‍ മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോള്‍ രണ്ടു ബൈക്കുകകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടയുകയായിരുന്നു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. തങ്ങളെ രണ്ടു ബൈക്കുകകളിലെത്തിയവര്‍ തടഞ്ഞു നിര്‍ത്തി പശുക്കളെ കടത്തുന്നുണ്ടോവെന്ന് ചോദിച്ചു. വൈകാതെ കൂടുതല്‍ പേരെത്തുകയും ഇരുമ്പു ദണ്ഡുകളും മരക്കഷണങ്ങള്‍ കൊണ്ടും മര്‍ദിച്ചുവെന്നും മുസ്തഫ പറഞ്ഞു. വാഹനം പരിശോധിക്കുക പോലും ചെയ്യാതെയാണ് അവര്‍ മര്‍ദിച്ചതെന്നും മുസ്തഫ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഇരുവരെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബെല്‍ത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മറ്റു മൂന്നു പേര്‍ക്കായുള്ള തെരച്ചില്‍ ഉര്‍ജ്ജിതമാക്കി.