അക്രമത്തിന് പിന്നില്‍ കേന്ദ്രം; സമരം കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ: രാകേഷ് ടിക്കായത്ത്

അക്രമത്തിന് പിന്നില്‍ കേന്ദ്രം; സമരം കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ: രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി: രാജസ്ഥാനിലെ അല്‍വാറില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. ആക്രമണം പേടിച്ച്‌ യാത്ര മുടക്കാനാവില്ല. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രചാരണം ശക്തമായി തുടരും. 

കര്‍ഷക സമരം ബിജെപിക്കെതിരെയല്ല മറിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരായാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിലെ ആള്‍വാറിലേക്ക് പോകുംവഴിയാണ് അദ്ദേഹത്തിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്.

രാജസ്ഥാനിലെ ഹര്‍സോലിയില്‍ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടിക്കായത്ത്. ഇദ്ദേഹം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിന് നേരെ വെടിവെച്ചെന്നും മഷിയേറുണ്ടായതായും അനുയായികള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ടിക്കായത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സമരം തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.