ഉഗാണ്ടയിലെ കംപാല അതിരൂപത ആര്‍ച്ച് ബിഷപ്പ് സിപ്രിയന്‍ കിസിറ്റോ ലവാംഗ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഉഗാണ്ടയിലെ കംപാല അതിരൂപത ആര്‍ച്ച് ബിഷപ്പ് സിപ്രിയന്‍ കിസിറ്റോ ലവാംഗ താമസസ്ഥലത്ത് മരിച്ച നിലയില്‍

കംപാല: ഉഗാണ്ടയിലെ കംപാല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സിപ്രിയന്‍ കിസിറ്റോ ലവാംഗയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കംപാല അതിരൂപത പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഫാ. പയസ് മെയില്‍ സെന്തുംബ്വെയാണ് മരണവിവരം അറിയിച്ചത്. 1953-ല്‍ ജനിച്ച ഡോ. ലവാംഗ 2006 ഓഗസ്റ്റ് 19 നാണ് കംപാല അതിരൂപതയുടെ മൂന്നാമത്തെ ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.

റുബാഗ കത്തോലിക്കാ പള്ളിയില്‍ ഇന്നലെ നടന്ന ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ക്ക് ഡോ. ലവാംഗ കാര്‍മികത്വം വഹിച്ചിരുന്നു. ഇന്നു രാവിലെ ബിഷപ്പ് താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

'ഞങ്ങളുടെ പ്രിയപ്പെട്ട ഇടയന്‍, കംപാല അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഡോ. സിപ്രിയന്‍ കിസിറ്റോ ലവാംഗ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചതായി വ്യസനസമേതം അറിയിക്കുന്നു. പിതാവ് താമസിച്ചിരുന്ന മുറിയില്‍ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സര്‍വ്വശക്തനും കരുണാമയനുമായ ദൈവം അദ്ദേഹത്തിന് നിത്യ വിശ്രമം നല്‍കട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു-പ്രസ്താവനയില്‍ ഫാ. പയസ് അറിയിച്ചു. തുടര്‍നടപടികള്‍ പിന്നീട് അറിയിക്കുമെന്നും കുറിപ്പിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.