ബൈ ബൈ എൽ ജി ഫോൺ : എൽ ജി മൊബൈൽ ഡിവിഷൻ വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്നു

ബൈ ബൈ എൽ ജി ഫോൺ : എൽ ജി മൊബൈൽ ഡിവിഷൻ വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്നു

സിയൂൾ :  എൽ ജി യുടെ മൊബൈൽ ഡിവിഷൻ നഷ്ടത്തിലാകുകയും വിറ്റൊഴിക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തതിനാൽ എൽജി ഇലക്‌ട്രോണിക്‌സ് ഇങ്ക് കമ്പനി മൊബൈൽ ഡിവിഷൻ പൂർണ്ണമായും അവസാനിപ്പിക്കുന്നു. ഇതോടെ വിപണിയിൽ നിന്ന് പൂർണമായും പിന്മാറുന്ന ആദ്യത്തെ പ്രധാന സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറുകയാണ് എൽ ജി .

എൽജിയുടെ സ്മാർട്ട്‌ഫോൺ വിഭാഗം കഴിഞ്ഞ ആറ് വർഷമായി ഏകദേശം 4.5 ബില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട് . കടുത്ത മത്സരമുള്ള സ്മാർട്ഫോൺ മേഖലയിൽ നിന്ന് പുറത്തുപോകുന്നത് മറ്റു മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എൽജിയെ അനുവദിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

സ്മാർട്ഫോൺ വിപണിയിൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറകൾ ഉൾപ്പെടെ നിരവധി പുതുമകളുമായി എൽജി വിപണിയിലെത്തിയിരുന്നു, 2013 ൽ സാംസങ്ങിനും ആപ്പിളിനും പിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവായിരുന്നു ഇവർ. എന്നാൽ പിന്നീട്, അതിന്റെ മുൻനിര മോഡലുകളുടെ സോഫ്റ്റ് വെയർ , ഹാർഡ്‌വെയർ രംഗത്തുണ്ടായ അപചയങ്ങൾ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. കൂടാതെ ഈ രംഗത്തെ ചൈനീസ് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിക്ക് മാർക്കറ്റിംഗിൽ വൈദഗ്ദ്ധ്യം ഇല്ലെന്നും വിശകലന വിദഗ്ധർ വിമർശിക്കുന്നു.

മറ്റ് അറിയപ്പെടുന്ന മൊബൈൽ ബ്രാൻഡുകളായ നോക്കിയ, എച്ച്ടിസി, ബ്ലാക്ക്ബെറി എന്നിവയും വാൻ തകർച്ചകൾ നേരിട്ടുവെങ്കിലും അവ വിപണിയിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായിട്ടില്ല.

എൽജിയുടെ നിലവിലെ ആഗോള വിഹിതം ഏകദേശം 2% മാത്രമാണ്.ദക്ഷിണ കൊറിയയിൽ, മൊബൈൽ ഡിവിഷനിലെ ജീവനക്കാരെ മറ്റ് എൽ ജി ഇലക്ട്രോണിക്സ് ബിസിനസ്സുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും മാറ്റും, മറ്റു രാജ്യങ്ങളിൽ ഉള്ള ഓഫീസുകളിലെ ജീവനക്കാരെ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ പ്രാദേശിക തലത്തിൽ എടുക്കുന്നതാണ്. എന്നാൽ എൽജിയുടെ 4 ജി, 5 ജി കോർ ടെക്നോളജി പേറ്റന്റുകളും ഗവേഷണ ഉദ്യോഗസ്ഥരെയും നിലനിർത്തി 6 ജി ടെക്നോളജിക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി. നിലവിലുള്ള മൊബൈൽ ഉൽ‌പ്പന്നങ്ങളുടെ ഉപഭോക്താക്കൾ‌ക്ക് സേവന പിന്തുണയും സോഫ്റ്റ്വെയർ‌ അപ്‌ഡേറ്റുകളും എൽ‌ ജി ഒരു നിശ്ചിത സമയത്തേക്ക് നൽകുമെന്നും കമ്പനി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.