നയ്പിഡാവ്: മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 550 കടന്നു. ഫെബ്രുവരി ഒന്നിനാണ് പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സമരം ഇപ്പോഴും തുടരുകയാണ്. മ്യാന്മറില്‍ ജനാധിപത്യം അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം. കൊല്ലപ്പെട്ടവരില്‍ 46 പേര്‍ കുട്ടികളാണെന്നാണ് അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് പറയുന്നത്.
അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പോപ്പിന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ മ്യാന്മറിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നിരുന്നു. പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കുന്ന മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന്റെ നടപടിയില്‍ ലോക രാഷ്ടങ്ങള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഓങ്‌സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ അട്ടിമറിച്ച് കഴിഞ്ഞ ഫെബ്രുവരി 1 ന് പട്ടാള ഭരണം പിടിച്ചെടുത്തതോടെയാണ് ബഹുജന പ്രക്ഷോഭം ആരംഭിച്ചത്.