ന്യൂഡല്‍ഹി: ബംഗളൂരൂ സ്ഫോടന കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മഅദനി ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പരാമര്‍ശിച്ചു.
ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റസിന്റെ പരാമര്‍ശം. ഹര്‍ജി കോടതി അടുത്തയാഴ്ചയിലേക്കു മാറ്റി.
അഭിഭാഷകനായിരിക്കെ മഅദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി.സുബ്രഹ്മണ്യന്‍ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി.