ലക്നൗ : വിവാദമായ ഹാഥ്റസ് ബലാത്സംഗ, കൊലപാതകക്കേസ് ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ ഏറ്റെടുത്തു. കേസ് എറ്റെടുക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.കേസ് സിബിഐക്ക് കൈമാറുന്നതിന് ഉത്തർ പ്രദേശ് സർക്കാർ ശുപാർശ ചെയ്തിരുന്നു. അതേ സമയം സുപ്രീം കോടതിയുടെ മേൽനോട്ടത്തത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ നിലപാട്. ആദ്യം ഉത്തർ പ്രദേശ് പൊലീസും പിന്നീട് സ്പെഷ്യൽ അന്വേഷണ സംഘവുമായിരുന്നു കേസ് അന്വേഷിച്ചത്.
ചികിത്സയിൽ കഴിയുന്നതിനിടെ സെപ്റ്റംബർ 29നായിരുന്നു ഹാഥ്രസിലെ പത്തൊമ്പതുകാരി മരിച്ചത്. പെൺകുട്ടിയുടെ മരണവും തുടർന്ന് മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പോലീസ് നിർബന്ധമായി സംസ്കരിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പെൺ കുട്ടിയുടെ ഗ്രാമത്തിലുള്ളവരാണ് നാല് പ്രതികളും.