അസ്ട്രാസെനക്ക വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ടപിടിച്ചു; പാര്‍ശ്വഫലമാകാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി

അസ്ട്രാസെനക്ക വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ടപിടിച്ചു; പാര്‍ശ്വഫലമാകാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി

ബ്രസല്‍സ്: കോവിഡ് -19 പ്രതിരോധത്തിനുള്ള അസ്ട്രാസെനക്ക വാക്സിന്റെ പാര്‍ശ്വഫലമായി വളരെ അപൂര്‍വം ആളുകളില്‍ രക്തം കട്ടപിടിക്കാമെന്നു യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇ.എം.എ). യൂറോപ്യന്‍ രാജ്യങ്ങളിലെ 86 കേസുകള്‍ പരിശോധിച്ച ശേഷമാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) പുതിയ വിശദീകരണം നല്‍കിയത്. അതേസമയം, അപകടസാധ്യത വളരെ അപൂര്‍വമാണ്. ഭൂരിപക്ഷം പേരിലും വാക്‌സിന്‍ പ്രയോജനം ചെയ്യുന്നുണ്ടെന്നുള്ള വിലയിരുത്തലിലാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. അതുകൊണ്ടു തന്നെ അസ്ട്രാസെനക്ക വാക്‌സീന്‍ ഉപയോഗിക്കുന്നതിനു തല്‍ക്കാലം നിയന്ത്രണമില്ല. 18 വയസിനു മുകളിലുള്ള ആര്‍ക്കും വാക്‌സീന്‍ സ്വീകരിക്കാമെന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. ഗുണഫലമാണ് കൂടുതലെന്ന് ലോകാരോഗ്യ സംഘടനയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

200 മില്യണ്‍ ജനങ്ങള്‍ക്കു ലോകവ്യാപകമായി ആസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. വാക്‌സിന് രക്തം കട്ടപിടിക്കുന്നതുമായി ബന്ധമുണ്ടാകാമെങ്കിലും അത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അഡൈ്വസറി വാക്‌സിന്‍ സേഫ്റ്റി പാനല്‍ പറഞ്ഞു.

പ്രായം അല്ലെങ്കില്‍ ലിംഗഭേദം പോലുള്ള ഘടകങ്ങള്‍ അപകടസാധ്യതയായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചശേഷം രക്തം കട്ടപിടിച്ച കേസുകളില്‍ പലരും 60 വയസിന് താഴെയുള്ള സ്ത്രീകളായിരുന്നു. വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോടു നിര്‍ദേശിച്ചു. യു.കെയില്‍ ആസ്ട്രാ സെനക്ക വാക്‌സിന്‍ സ്വീകരിച്ച 79 പേര്‍ക്കു രകതം കട്ടപിടിക്കുന്ന പ്രശനം കണ്ടെത്തിയിരുന്നു. ഇതില്‍ 19 പേര്‍ മരിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.