മുംബൈ: ഇന്ത്യക്കാരായ യുവ ദമ്പതികളെ അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവര്‍(32), ഭാര്യ ആര്‍തി ബാലാജി രുദ്രാവര്‍(30) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പോലീസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവര്‍ പറഞ്ഞു. മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവ സംബന്ധമായി തങ്ങള്‍ അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു.
വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടു കിട്ടിയശേഷമെ ഇരുവരുടേയും മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇരുവരും കുത്തേറ്റ നിലയിലായിരുന്നു. ഗര്‍ഭിണിയായ ആരതിയുടെ വയറ്റില്‍ ബാലാജി കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായും ഭരത് പറഞ്ഞു. ബാലാജിയ്ക്ക് ന്യുജഴ്സിലെ ഇന്ത്യന്‍ സമൂഹത്തില്‍ ധാരാളം സൗഹൃദങ്ങളുള്ളതായും പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവര്‍ അറിയിച്ചു. 2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആര്‍തിയും 2015 ലാണ് ന്യൂജഴ്സിയിലേക്ക് പോയത്. ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ബാലാജി.