റിയോ ഡി ജനീറോ : തെക്കൻ ബ്രസീലിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ, ഈശോയുടെ ഏറ്റവും ഉയരമേറിയ പ്രതിമ - ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ ഉയരുന്നു. റിയോ ഡി ജനീറോയിലെ പ്രശസ്തമായ ക്രൈസ്റ്റ് ദി റെഡീമറിന്റെ ഉയരത്തിനേക്കാൾ 16 അടി കൂടുതൽ ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ ഫ്രണ്ട്സ് ഓഫ് ക്രൈസ്റ്റ് അസോസിയേഷൻ (എഎക്രിസ്റ്റോ) എന്ന പ്രാദേശിക സംഘടന അവകാശപ്പെട്ടു. ബ്രസീലിന്റെ തെക്കേ അറ്റത്തുള്ള റിയോ ഗ്രാൻഡെ ഡോ സുൽ എന്ന ചെറുപട്ടണമായ എൻകാന്റഡോയിലാണ് ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ പ്രതിമ നിർമ്മിക്കുന്നത്.
സ്റ്റീൽ, കോൺക്രീറ്റ് എന്നിവകൊണ്ട് നിർമ്മിച്ച ഇത് 43 മീറ്റർ (141 അടി) ഉയരത്തിൽ നിൽക്കും.മെക്സിക്കോയിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 249 അടി പ്രതിമയ്ക്കും പോളണ്ടിലെ 172 അടി പ്രതിമയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമയായിരിക്കും ക്രൈസ്റ്റ് ദി പ്രൊട്ടക്ടറെന്ന് സംഘടന അറിയിച്ചു.
ശില്പിയായ ജെനേഷ്യോ ഗോമസ് മൗറയുടെയും മകൻ മർകസ് മൗറയുടെയും സൃഷ്ടിയാണിത് .2020 ഏപ്രിൽ 6 നാണ് ഇതിന്റെ തലയും കരങ്ങളും നിർമ്മിച്ചതെന്നും 2019 ജൂലൈയിൽ ആരംഭിച്ച നിർമാണം ഈ വർഷാവസാനത്തോടെ പൂർത്തിയാക്കുമെന്നും എഎക്രിസ്റ്റോ സംഘടന പറഞ്ഞു. പ്രതിമാ നിർമ്മാണത്തിന് ഏകദേശം 353,000 ഡോളർ ചിലവാകുമെന്ന് കരുതപ്പെടുന്നു.
പ്രതിമയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു എലിവേറ്ററിലൂടെ വിനോദസഞ്ചാരികൾക്ക് ക്രിസ്തുവിന്റെ ഹൃദയത്തിനരികെവരെ ചെല്ലാവുന്നതാണ്. ആളുകൾക്ക് താഴ്വര ചിത്രീകരിക്കാനും ഫോട്ടോയെടുക്കാനും കഴിയുന്ന ഗ്ലാസ് ഓപ്പണിംഗായിരിക്കും അവിടെഉണ്ടായിരിക്കുന്നത്. ഉറുഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളുമായി ചേർന്നുകിടക്കുന്ന ബ്രസീലിന്റെ അതിർത്തി പ്രദേശത്ത് ടൂറിസം വർധിപ്പിക്കുകയാണ് പ്രതിമാ നിർമ്മാണം ലക്‌ഷ്യംവയ്ക്കുന്നത്.