ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും അടുത്ത രണ്ട് മാസം ജാഗ്രത പാലിച്ചില്ലെങ്കിൽ സ്ഥിതി മാറുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ സിംഗ് മുന്നറിയിപ്പ് നൽകി.
നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ശൈത്യകാലം ആരംഭിക്കാനിരിക്കുന്നതിനാലും ശൈത്യകാലത്ത് കോവിഡ് വൈറസിൻ്റെ അതിജീവന ശേഷി കൂടിയേക്കാം എന്നതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നു ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ഇതു പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ വരുന്ന മാസങ്ങളിൽ പലവിധ ആഘോഷങ്ങൾ വരുന്ന സാഹചര്യത്തിൽ കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടപെടാൻ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കോവിഡിൻ്റെ രണ്ടാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക - മന്ത്രി വ്യക്തമാക്കി.