കോപ്പൻഹേഗൻ: ഡെൻമാർക്കിൽ റെസിഡൻസി സ്റ്റാറ്റസിലുള്ള സിറിയക്കാരെയും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെയും ഒഴിവാക്കുന്ന നീക്കവുമായി രാജ്യം മുന്നോട്ടു പോകുന്നു . യൂറോപ്യൻ യൂണിയനിൽ ഇത്തരമൊരു നീക്കം നടത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെന്മാർക്ക് . പല സിറിയക്കാരും അവരുടെ ജന്മനാട്ടിലേക്ക് മടങ്ങുന്നതിനോട് യോജിക്കുന്നില്ല. ഈ നയം കുടുംബങ്ങളെ ശിഥിലമാക്കുമെന്ന് ചില മനുഷ്യാവകാശ ഗ്രൂപ്പുകൾ വാദിക്കുന്നു.
ഇതുവരെ 1,250 സിറിയക്കാരുടെ താമസാനുമതി എമിഗ്രേഷൻ അധികൃതർ പുനരവലോകനം ചെയ്തു . ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയിൽ നിന്നുള്ള അഭയാർഥികൾക്ക് അഭയം നൽകുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമായിരുന്നു ഡെൻമാർക്ക്. ഡെന്മാർക്കിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയാത്തവരായി കണ്ടെത്തിയ രെയാണ് തിരികെ അയച്ചുകൊണ്ടിരിക്കുന്നത് . ഹൈസ്‌കൂൾ - യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ, ട്രക്ക് ഡ്രൈവർമാർ, ഫാക്ടറി ജീവനക്കാർ, സ്റ്റോർ ഉടമകൾ, സർക്കാരിതര സംഘടനകളിലെ സന്നദ്ധപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ പട്ടികയിൽ ഇടം പിടിക്കുന്നു.
കുറഞ്ഞ വരുമാനമുള്ളതും വളരെയധികം മുസ്ലിം വിഭാഗക്കാർ താമസിക്കുന്നതുമായ പ്രദേശങ്ങളിലെ കുട്ടികൾക്കായി ഡാനിഷ് മൂല്യങ്ങൾ നിർബന്ധിതമായി പഠിപ്പിക്കുവാൻ അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗവൺമെൻറ് “ഗെട്ടോസ്” എന്ന് ലേബൽ ചെയ്തിട്ടുള്ള ഈ പ്രദേശങ്ങളിലെ ചില കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഇരട്ടിയാക്കുകയും ചെയ്തു.
രാജ്യത്തിൻറെ നിയമങ്ങൾ പാലിക്കുവാൻ അഭയാർഥികൾ വൈമുഖ്യം കാണിക്കുന്നത് അവരെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നതിന് വേഗം കൂട്ടി. നൂറുകണക്കിന് സൊമാലിയൻ അഭയാർത്ഥികൾക്കും താമസാനുമതി നഷ്ടപ്പെട്ടു. മുഖ്യധാരയോട് ഇഴുകിച്ചേരുവാൻ ഇസ്ലാമിക തത്വങ്ങൾ മുറുകെപ്പിടിക്കുന്ന അഭയാർത്ഥി സമൂഹത്തിനാകുന്നില്ല എന്നതും വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളും കാരണം രാഷ്ട്രീയപാർട്ടികൾ കുടിയേറ്റവിരുദ്ധനയം രൂപീകരിക്കാൻ നിർബന്ധിതരായിത്തീർന്നു.
കഴിഞ്ഞ വർഷം ഡെൻമാർക്കിൽ നിന്ന് തിരിച്ചയക്കുന്ന അഭയാർഥികളുടെ എണ്ണം അഭയം തേടുന്നവരുടെ എണ്ണത്തേക്കാൾ കവിഞ്ഞിരുന്നു. ഡെന്മാർക്കിൽ അഭയാർഥികളുടെ എണ്ണം പൂജ്യമാക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പ്രസ്താവിച്ചു.