കോവിഡ് രോഗികള്‍ കുറഞ്ഞു; ഇസ്രായേലില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട

കോവിഡ് രോഗികള്‍ കുറഞ്ഞു;  ഇസ്രായേലില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട

ടെല്‍ അവീവ്: ഇന്ത്യയിലടക്കം ലോകമെമ്പാടും കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുമ്പോള്‍ ഇസ്രായേലില്‍നിന്നൊരു ആശ്വാസവാര്‍ത്ത. കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് ഇസ്രായേലില്‍ പൊതുസ്ഥലത്ത് ഇന്നു മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടക്കുന്നതിന്റെ ഫലമായി കോവിഡ് രോഗികളുടെ എണ്ണം വളരെയധികം കുറഞ്ഞതായി ആരോഗ്യമന്ത്രി യൂലി എഡല്‍സ്‌റ്റൈന്‍ പറഞ്ഞു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് കോവിഡ് മരണങ്ങള്‍ ശനിയാഴ്ച മൂന്ന് ദശലക്ഷം കടന്നപ്പോഴാണ് ഇസ്രായേലില്‍നിന്നുള്ള ആശ്വാസ വാര്‍ത്ത വരുന്നത്.

രാജ്യത്തെ 9.3 ദശലക്ഷം ജനസംഖ്യയില്‍ അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കി. ജനുവരി പകുതിയില്‍, രാജ്യത്ത് ഒരു ദിവസം പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത് ദിവസം 200 മാത്രമാണ്. അതേസമയം, വലിയ പൊതു ചടങ്ങുകള്‍ക്കും ഒത്തുചേരലുകള്‍ക്കും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ഹെസി ലെവി പറഞ്ഞു. കെട്ടിടങ്ങള്‍ക്കും ഹാളുകള്‍ക്കും ഉള്ളില്‍ നടക്കുന്ന പരിപാടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനഃരാരംഭിക്കുകയും ബാറുകള്‍, റസ്റ്റോറന്റുകള്‍, ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തിട്ടും കേസുകളുടെ എണ്ണം വര്‍ധിക്കാത്തതിനെതുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് ഇസ്രായേല്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. ലോകത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം നടക്കുന്ന രാജ്യമാണ് ഇസ്രായേല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.