ലണ്ടന്‍: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 26 മുതല്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
'നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ല. പകരം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്യും'- യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
രണ്ടാം പ്രാവശ്യമാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചത് കണക്കിലെടുത്ത് സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടിയതായിരുന്നു. അതാണിപ്പോള്‍ റദ്ദാക്കിയത്.