ഹൂസ്റ്റൺ: അമേരിക്കയിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാർ അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു. ഹൂസ്റ്റണിലെ ദ് വുഡ്‍ലാൻഡ്സിലെ കാൾട്ടൻ വുഡ്സ് സബ്‍ഡിവിഷനിൽ ശനിയാഴ്ചയായിരുന്നു അപകടം. അപകടത്തിൽ തീപിടിച്ച വാഹനത്തിനുള്ളിൽ പെട്ടാണ് രണ്ടു പേർ മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ടെസ്‌ല 2019 മോഡൽ എസ് ആണ് അപകടത്തിൽ പെട്ടത്.
ഭാവിയിൽ ഡ്രൈവർ വേണ്ടാത്ത കമ്പ്യൂട്ടർ നിയന്ത്രിത വാഹനങ്ങൾ നിരത്തു കീഴടക്കുമെന്നും അവ സുരക്ഷിതമാണെന്നും വാഹന നിർമാതാക്കൾ അവകാശവാദം ഉന്നയിക്കുമ്പോഴാണ് ദുരന്ത വാർത്ത എത്തുന്നത്. ഡ്രൈവർ സീറ്റിൽ ആളുണ്ടായിരുന്നില്ലെന്നും പാസഞ്ചർ സീറ്റിലും പിൻ സീറ്റിലുമിരുന്ന ആളുകളാണ് മരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
അമിത വേഗത്തിൽ പോവുകയായിരുന്ന കാറിന്റെ നാവിഗേഷൻ സംവിധാനം പരാജയപ്പെടുകയും റോഡിൽനിന്നു തെന്നിമാറി സമീപത്തെ മരത്തിൽ ഇടിക്കുകയുമായിരുന്നു. അഗ്നശമനസേന നാലു മണിക്കൂർ പരിശ്രമിച്ചതിന് ശേഷമാണ് വാഹനത്തിലെ തീ അണച്ചത്.
2019 മോഡൽ ടെസ്‌ലയാണ് അപകടത്തിൽ പെട്ടതെന്നും കമ്പനി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു. ടെസ്‌ല കാറുകൾ ഇതുനുമുമ്പ് നിരവധി തവണ അപകടത്തിൽപെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 25 അപകടങ്ങൾ യുഎസ് നാഷണൽ ഹൈവേ ട്രാഫിക്ക് സെയിഫ്റ്റി അഡ്മിനിട്രേഷൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായിട്ടാണ് ഡ്രൈവർ സീറ്റിൽ ആളില്ലാതെയുള്ള അപകടത്തിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്.