ചെന്നൈ: കോൺഗ്രസ് ദേശീയ വക്താവും തെന്നിന്ത്യൻ നടിയുമായ ഖുഷ്ബു പാർട്ടി വിട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ച ഖുഷ്ബു ബിജെപിയിൽ ചേരുമെന്ന് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി ഖുഷ്ബു ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നാകും ഖുഷ്ബു മെമ്പർഷിപ് സ്വീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ . അടുത്തിടെയായി കോൺഗ്രസ് തമിഴ്നാട് ഘടകവുമായി അവർ അകന്ന് കഴിയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തത് സംബന്ധിച്ചും ഖുഷ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നിൽ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകൾ മാറുകയാണ്. ചിന്തകൾക്കും ആശയങ്ങൾക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുഷ്ബു ട്വീറ്റിൽ കുറിച്ചു.