കൊച്ചി: അറബിക്കടലില്‍ വന്‍ ലഹരി മരുന്നു വേട്ടയുമായി ഇന്ത്യന്‍ നാവിക സേന. 300 കിലോഗ്രാം ലഹരി മരുന്നാണ് ഐഎന്‍എസ് സുവര്‍ണ, പട്രോളിങ്ങിനിടെ കടലില്‍ വച്ച് പിടിച്ചെടുത്തത്.
രാജ്യാന്തര വിപണിയില്‍ ഇതിന് 3000 കോടി രൂപ വിലവരും. സംശയകരമായ സാഹചര്യത്തില്‍ കണ്ട മീന്‍ പിടുത്ത ബോട്ടില്‍ നാവിക സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കൊച്ചി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചു പേരാണുള്ളത്. മക്രാന്‍ തീരത്തു നിന്ന് ഇന്ത്യന്‍ തീരത്തേക്കോ ശ്രീലങ്ക, മാലി ദ്വീപുകളെയോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തര ബന്ധമുള്ള ഭീകരവാദ, ക്രിമിനല്‍ സംഘങ്ങളാണ് ലഹരി കടത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
കപ്പലിലുള്ളത് ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂവെന്ന് നാവിക സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സീ ന്യൂസിനോട് പ്രതികരിച്ചു