ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാര്‍ അപകടം ടെസ്‌ലയ്ക്ക് തിരിച്ചടിയാകുന്നു; ഓഹരി മൂല്യം 3.4% ഇടിഞ്ഞു

ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാര്‍ അപകടം ടെസ്‌ലയ്ക്ക് തിരിച്ചടിയാകുന്നു; ഓഹരി മൂല്യം 3.4% ഇടിഞ്ഞു

ഹൂസ്റ്റണ്‍: ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ടെസ്‌ലയുടെ കാര്‍ അപകടത്തില്‍പെട്ട് രണ്ടു പേര്‍ മരിച്ച സംഭവത്തിൽ രണ്ട് യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ദേശീയപാത ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനും (എന്‍എച്ച്ടിഎസ്എ) ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും (എന്‍ടിഎസ്ബി) ചേര്‍ന്നാണ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുക. സ്വയം നിയന്ത്രിത ഇലക്ട്രോണിക് വാഹനങ്ങളിന്മേല്‍ ചില നിബന്ധനകൾ കൊണ്ടുവരാന്‍ ഈ അപകടം കാരണമായേക്കാം.

ശനിയാഴ്ച്ച രാത്രി അമിതവേഗത്തിലെത്തിയ ടെസ്‌ല 2019 എസ് മോഡല്‍ വാഹനം മരത്തില്‍ ഇടിച്ചാണ് അപകടം.
ഡ്രൈവര്‍ സീറ്റില്‍ ആരുമില്ലായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. വേഗത്തിൽ റോഡിലെ വളവ് തിരിയുന്നതിനു പകരം നേരെ കുതിച്ചുപോയ കാര്‍ റോഡിന് പുറത്തേക്ക് തെറിച്ച് മരത്തിലിടിച്ച് തീപിടിക്കുകയായിരുന്നു.
ഇലക്ട്രിക് കാര്‍ ഓട്ടോപൈലറ്റ് സംവിധാനത്തിലാണോ അല്ലെങ്കില്‍ ഫുള്‍ സെല്‍ഫ് ഡ്രൈവിംഗ് കപ്പാസിറ്റി സിസ്റ്റത്തിലാണോ പ്രവർത്തിച്ചതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

രണ്ടുപേര്‍ വെന്തുമരിച്ച സംഭവം ടെസ്‌ല വാഹന വിപണിക്കു തിരിച്ചിയാകുമെന്ന സൂചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ ഓഹരി മൂല്യം 3.4 ശതമാനം ഇടിഞ്ഞു. ഓട്ടോപൈലറ്റ് സംവിധാനത്തിൽ മറ്റ് വാഹനങ്ങളിൽ നിന്ന് കാർ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റൂട്ടുകൾ സ്വയം നിശ്ചയിക്കും. അതേസമയം, അപ്രതീക്ഷിതമായ തകരാറുകൾ ഉണ്ടായാൽ ഇടപെടാൻ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ വേണമെന്ന് കമ്പനി പറയുന്നുണ്ട്.

കാറിന്റെ തകരാർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് ടെസ്‌ലയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുമ്പോൾ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് എൻ‌എച്ച്‌ടി‌എസ്‌എ അധികൃതർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.