ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗശൂന്യമായതായി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്‌സിനുകളില്‍ 44.78 ലക്ഷം ഡോസുകള്‍ ഉപയോഗശൂന്യമായി. ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉപയോഗശൂന്യമായത് തമിഴ്‌നാട്ടിലാണ്. എന്നാൽ വാക്‌സിന്‍ ഒട്ടും ഉപയോഗശൂന്യമാകാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്.
തമിഴ്‌നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിന്‍ ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍. ഏറ്റവും കാര്യക്ഷമമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍ കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ, ദാമന്‍ ദ്യൂ, ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവയാണ്.
വാക്‌സിന്റെ ഒരു സെറ്റിൽ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം അതിനു സാധിച്ചില്ലെങ്കിൽ വാക്സിൽ ഉപയോഗശൂന്യമാകും. ഇങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ ഉപയോഗിക്കാൻ പോലും സാധിക്കാതെ വെറുതെ പാഴായത്. ഇത്തരത്തിൽ 23 ശതമാനം വാക്‌സിനാണ് പാഴായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.