ചെന്നൈ: റഷ്യ- ചെന്നൈ കടല്‍ ഗതാഗതത്തിനുള്ള നടപടികള്‍ക്ക് തുടക്കമായി. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിനെയും ചെന്നൈയെയും തമ്മില്‍ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് വൈകാതെ യാഥാര്‍ത്ഥ്യമാകും. സൂയസ് കനാല്‍ വഴിയുള്ള റൂട്ടിനുപകരം മലാക്ക കടലിടുക്ക്, ദക്ഷിണ ചൈന കടല്‍വഴിയുള്ള മാര്‍ഗം കണ്ടെത്താനാണ് പദ്ധതി. നിലവില്‍ 40 മണിക്കൂര്‍ സമയമെടുക്കുന്ന ചരക്കുനീക്കം 24 മണിക്കൂറായി കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് പുതിയ റൂട്ടിന്റെ നേട്ടം.
സാധ്യതാപഠനം നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശന വേളയില്‍ 2019-ല്‍ ഒപ്പിട്ട ധാരണപ്രകാരമാണ് പുതിയ റൂട്ടിനുള്ള പദ്ധതി ഉടലെടുത്തത്. രാജ്യത്തേക്ക് അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിനാകും ഈ റൂട്ട് കൂടുതല്‍ ഉപയോഗമാകുക. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറത്തുനിന്നും ഇവ ഇറക്കുമതി ചെയ്യാനും ഈ റൂട്ട് പ്രയോജനകരമാകും.
പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി.യുടെ കീഴിലുള്ള ഒ.എന്‍.ജി.സി വിദേശ് റഷ്യയിലെ സഖ്ലിന്‍ ദ്വീപില്‍ എണ്ണ ഉത്പാദനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ റൂട്ട് ഏറെ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയ്ക്കാണ് ഇപ്പോള്‍ ജീവന്‍ വെച്ചിരിക്കുന്നത്. ലക്ഷ്യമിട്ട പ്രകാരം നടപടികള്‍ മുന്നോട്ടുപോയാല്‍ ഒരു വര്‍ഷംകൊണ്ട് പുതിയ റൂട്ട് നിലവില്‍ വരും. സാധ്യതാ പഠനവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ ഈ ആഴ്ച പൂര്‍ത്തിയാകും.