ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു; 24ാം ദിവസം അലക്‌സി നവല്‍നി നിരാഹാരം അവസാനിപ്പിച്ചു

ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു; 24ാം ദിവസം അലക്‌സി നവല്‍നി നിരാഹാരം അവസാനിപ്പിച്ചു

മോസ്‌കോ: ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നി ചികിത്സാസൗകര്യം ആവശ്യപ്പെട്ട് ആരംഭിച്ച നിരാഹാരസമരം ഡോക്ടര്‍മാരുടെ ഉപദേശമനുസരിച്ച് 24-ാം ദിവസം അവസാനിപ്പിച്ചു. കടുത്ത നടുവേദനയെ തുടര്‍ന്ന് കൈകാലുകളുടെ സംവേദനശേഷി നഷ്ടമായതു പരിശോധിക്കാന്‍ തന്റെ സ്ഥിരം ഡോക്ടറെ അനുവദിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നവല്‍നി ജയിലില്‍ നിരാഹാരം ആരംഭിച്ചത്.

ജയിലിനു പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച് ജീവന്‍ അപകടത്തിലാണെന്ന് അറിയിച്ചതോടെ നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ജയിലില്‍ ഒരു ചികിത്സയും ലഭിക്കുന്നില്ലെന്ന് നവല്‍നി പറഞ്ഞു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവല്‍നിയെ ഈ വര്‍ഷം ആദ്യമാണ് അറസ്റ്റ് ചെയ്ത് 2 വര്‍ഷം തടവിനു ശിക്ഷിച്ചത്. നവല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാജ്യമെങ്ങും വന്‍ പ്രക്ഷോഭം നടന്നു.

ഫെബ്രുവരി മാസം മുതല്‍ നവാല്‍നി തടവിലാണ്. അതിന് മുമ്പ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായിരുന്നു. പുടിനാണ് ഇതിന് പിന്നിലെന്ന് നവാല്‍നിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും ആരോപിച്ചിരുന്നു. എന്നാല്‍, ക്രെംലിന്‍ ഇത് നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ തടവില്‍ നിരാഹാര സമരം നടത്തുന്ന നവാല്‍നിയുടെ ആരോഗ്യസ്ഥിതി വളരെ ദയനീയമാണ് എന്നും അദ്ദേഹം ഏത് നിമിഷം വേണമെങ്കിലും മരിക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.