കൊളംബോ: ശ്രീലങ്കയില്‍ 2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ പാര്‍ലമെന്റ് അംഗമായ ഇസ്ലാമിക സംഘടനാ നേതാവും സഹോദരനും അറസ്റ്റില്‍. അഖില സിലോണ്‍ മക്കള്‍ പാര്‍ട്ടി നേതാവും എംപിയുമായ റിഷാദ് ബത്തിയുദ്ദീനും സഹോദരന്‍ റിയാജും ആണ് അറസ്റ്റിലായത്. ഭീകരപ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 279 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരു തെളിവുകളും ഇവര്‍ക്ക് എതിരാണെന്നും, അതിനാല്‍ അറസ്റ്റ് ചെയ്തെന്നും കൊളംബോ പോലീസ് വക്താവ് അറിയിച്ചു. അറസ്റ്റിന് മുന്‍പ് കൊളംബോയിലെ ഇവരുടെ വസതികളില്‍ പോലീസ് പരിശോധനയും നടത്തിയിരുന്നു.
ഭീകരാക്രമണ കേസില്‍ അറസ്റ്റ് വൈകുന്നതിനെതിരേ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ റോമന്‍ കത്തോലിക് കര്‍ദ്ദിനാള്‍ മാല്‍കോം രംഗത്ത് വന്നിരുന്നു. ഇതിനു മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ അറസ്റ്റ്. ഹോട്ടലുകളിലും പള്ളികളിലും നടന്ന ഭീകരാക്രമണങ്ങളില്‍ നേരത്തെ പോലീസ് ഇരുന്നൂറോളം മത മൗലികവാദികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ പോലീസിനും സര്‍ക്കാരിനുമെതിരെ രംഗത്ത് വന്നത്.