കിറ്റ് വാങ്ങി നല്‍കാന്‍ പണം തികഞ്ഞില്ല; വിവാഹ മോതിരം പണയപ്പെടുത്തി നോബല്‍ കുമാര്‍

കിറ്റ് വാങ്ങി നല്‍കാന്‍ പണം തികഞ്ഞില്ല; വിവാഹ മോതിരം പണയപ്പെടുത്തി നോബല്‍ കുമാര്‍

കൊച്ചി: കോവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി മാതൃകയായ ചെറുപ്പക്കാരനാണ് എറണാകുളം ചെറായി സ്വദേശി നോബല്‍ കുമാര്‍.

ഇപ്പോള്‍ പണം തികയാതെ വന്നപ്പോള്‍ തന്റെ വിവാഹ മോതിരം പണയപ്പെടുത്തി പണം കണ്ടെത്തിയാണ് നോബല്‍ കുമാര്‍ നാടിന് കൈത്താങ്ങായത്. കിറ്റ് വാങ്ങാന്‍ സുഹൃത്തുക്കള്‍ സഹായിച്ചെങ്കിലും പണം തികയാതെ വന്നതോടെയാണ് വിവാഹ മോതിരം പണയപ്പെടുത്തിയുള്ള നോബലിന്റെ സഹായം.

കോവിഡിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണകിറ്റ് നല്‍കിയാണ് നോബല്‍കുമാര്‍ നാട്ടുകാര്‍ക്ക് സഹായവുമായി എത്തി തുടങ്ങിയത്. പിന്നീട് സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ ബുക്കും പേനയുമൊന്നും ഇല്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികളെ കണ്ടു.

തുടര്‍ന്ന് അറുപതോളം കുട്ടികള്‍ക്ക് സഹായമായി നോട്ടു ബുക്കുകളും പേനയും പെന്‍സിലുമെല്ലാം എത്തിച്ചു കൊടുത്തു. കിറ്റുകള്‍ വീടുകളിലെത്തിച്ച് കൈമാറുമ്പോള്‍ ഫോട്ടോ എടുക്കുന്നതിനോ പിന്നീട് സമൂഹ മാധ്യമങ്ങളിലിട്ട് പബ്ലിസിറ്റി നേടുന്നതിനോ നോബല്‍ കുമാര്‍ മെനക്കെടാറില്ല. കിറ്റ് വീടിന്റെ ഉമ്മറത്ത് വച്ച് വീട്ടുകാരോടുപോലും പറയാതെ മടങ്ങുകയാണ് ഈ ചെറുപ്പക്കാരന്റെ രീതി.

ഇതിനിടയിലാണ് പ്രദേശത്തെ മുത്തശ്ശി, പ്രായമായവര്‍ക്ക് ഒന്നുമില്ലേ എന്ന് നോബലിനോട് ചോദിച്ചത്. ഇത്തവണ മുന്‍പത്തെ പോലെ സുഹൃത്തുക്കളൊക്കെ സഹായിച്ചെങ്കിലും കിറ്റിന് ആവശ്യമായ പണം തികഞ്ഞില്ല. പിന്നെ മറ്റൊന്നും ചിന്തിക്കാതെ നോബല്‍ തന്റെ വിവാഹ മോതിരം പണയപ്പെടുത്തി കിറ്റിന് ആവശ്യമായ തുക കണ്ടെത്തുകയായിരുന്നു.

പ്രായമായവര്‍ മാത്രമുള്ള വീടുകള്‍, കിടപ്പുരോഗികള്‍, വിധവകള്‍ എന്നിവര്‍ താമസിക്കുന്ന 25 വീടുകളിലുള്ളവര്‍ക്കായിരുന്നു സഹായം എത്തിച്ചു കൊടുത്തത്. ഹോര്‍ലിക്‌സ്, ബിസ്‌ക്കറ്റ്, റസ്‌ക്ക്, മുട്ട, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ അടങ്ങുന്നതായിരുന്നു കിറ്റ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.