കൊച്ചി: പീഡനം നേരിടുന്ന കുട്ടികളുടെയും സ്ത്രീകളുടെയും വിലാസം ലഭിച്ചാല്‍ ഇവരെ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'രക്ഷാദൂത്' പദ്ധതി ശ്രദ്ധേയമാകുന്നു. പീഡനം നേരിടുന്ന ഇരകളുടെ പ്രധാന വെല്ലുവിളി ആര്‍ക്കു പരാതി നല്‍കണമെന്ന് അറിയില്ല എന്നതാണ്. താന്‍ നേരിടുന്ന വിവരങ്ങള്‍ എഴുതി അറിയിക്കാനും അറിവുണ്ടാകില്ല.
ഈ സാഹചര്യത്തിലാണ് പീഡനം നേരിടുന്നുവെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിനെ അറിയിക്കാന്‍ ഈ സംവിധാനം സഹായിക്കുക. ഈ പദ്ധതി പ്രകാരം കാര്യങ്ങള്‍ പൂര്‍ണമായി എഴുതി അറിയിക്കണമെന്നില്ല. തപാല്‍ ചെലവും ഇല്ല. ഇരയായ വ്യക്തിയുടെ വിലാസം മാത്രം കൈമാറുന്നതോടെ അധികൃതര്‍ ഇവരെ കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കും. ഇരയുടെ വിവരം അറിയുന്ന മൂന്നാമതൊരാള്‍ക്കും ഇക്കാര്യം അധികൃതരെ അറിയിക്കാം.
സ്വന്തമായി പരാതി ഫോണില്‍ വിളിച്ചോ കത്തായോ അയക്കാന്‍ കഴിയാത്തവര്‍ പോസ്റ്റ് ഓഫിസില്‍ എത്തി 'തപാല്‍' എന്ന കോഡ് പറയുക. നേരില്‍ വരാന്‍ കഴിയാത്തവര്‍ക്ക് മറ്റുള്ളവരുടെ സഹായവും തേടാം. ഇരയുടെ പൂര്‍ണമായ മേല്‍വിലാസം മാത്രം വെള്ളപേപ്പറില്‍ എഴുതി കവറിലിട്ട് പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കുക. കവറിന് പുറത്ത് 'തപാല്‍ ' എന്ന് എഴുതിയാല്‍ സ്റ്റാംപ് ഒട്ടിക്കേണ്ട. വിലാസം ലഭിക്കുന്നതോടെ അധികൃതര്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പീഡനത്തിനിരയാകുന്ന വ്യക്തിയുടെ സുഹൃത്തുക്കള്‍ക്കും ഇരയെ സംബന്ധിച്ച വിവരങ്ങള്‍ അധികൃതരെ അറിയിക്കാം. ഇരയുടെ പ്രശ്‌നങ്ങളും അവരുടെ വിലാസവും എഴുതിയ കവറിനു പുറത്ത് തപാല്‍ എന്നെഴുതി പോസ്റ്റ് ബോക്‌സില്‍ നിക്ഷേപിക്കാം. സ്റ്റാംപ് വേണ്ട.
ഇത്തരം പരാതികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിനു തപാല്‍ വകുപ്പിന് പ്രത്യേക സംവിധാനം നിര്‍ദേശിച്ചിട്ടുണ്ട്. വൈകാതിരിക്കാന്‍ ഇലക്ട്രോണിക്‌സ് സംവിധാനത്തില്‍ ഈ കത്ത് ബന്ധപ്പെട്ടവര്‍ക്കു കൈമാറും. വനിത-ശിശു വികസന വകുപ്പാണ് തുടര്‍ നടപടി സ്വീകരിക്കുക.
സ്ത്രീകള്‍ക്കെതിരായ പരാതികള്‍ വനിത സംരക്ഷണ ഓഫിസര്‍മാരും ശിശുക്കളെ സംബന്ധിച്ച പരാതികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാരും കൈകാര്യം ചെയ്യും. പൊലീസിന്റെ സഹായവും ലഭിക്കും. നിയമസഹായത്തിനു വേണ്ട നടപടിയും ഉണ്ടാകും.
വളരെ രഹസ്യമാണ് ഈ നടപടികള്‍ കൈകാര്യം ചെയ്യുകയെന്നതിനാല്‍ ഏറെ പേര്‍ക്കാണ് ഇത് ആശ്വാസണ്. സ്ത്രീധന പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് പദ്ധതിക്ക് പരമാവധി പ്രചാരം നല്‍കാനൊരുങ്ങുകയാണ് വനിത-ശിശു വികസന വകുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.