കൊച്ചി : സീറോമലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ തീരുമാനത്തെ സീറോമലബാർ സഭ അൽമായ ഫോറം സ്വാഗതം ചെയ്തു. ലോകമെങ്ങുമുള്ള സീറോമലബാർ സഭാ വിശ്വാസികളുടെ കലാകാലങ്ങളിലുള്ള ഒരഭ്യർത്ഥനയായിരുന്നു ഇത്. ഈ തീരുമാനം അൽമായരുടെ ഒത്തൊരുമയുടെ വിജയമാണെന്ന് അൽമായ ഫോറം അഭിപ്രായപ്പെട്ടു. കാലവിളംബം കൂടാതെ എല്ലാ സീറോ മലബാർ രൂപതകളിലും ഏകീകരിച്ച ആരാധനക്രമം ഉടൻ നടപ്പാക്കണമെന്ന് സീറോ മലബാർ സഭയുടെ ഔദ്യോഗിക അൽമായ സംഘടനയായ അൽമായ ഫോറം സീറോ മലബാർ സഭാ സിനഡിനോട് അഭ്യർത്ഥിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നൽകിയ പരിഹാരവും നിർദേശങ്ങളും എത്രയും പെട്ടെന്ന് സഭാ സിനഡ് നടപ്പാക്കണം. അതിനു കടകവിരുദ്ധമായി നിൽക്കുകയും,സഭയുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരെ ഒറ്റപ്പെടുത്തണം. സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരുമായ ഛിദ്രശക്തികളുടെ വലയിൽ അൽമായരാരും തന്നെ കുടുങ്ങിപ്പോകരുത് എന്നും അൽമായ ഫോറം മുന്നറിയിപ്പ് നൽകുന്നു.
മാർപാപ്പയുടെയും സീറോ മലബാർ സിനഡിന്റെയും തീരുമാനങ്ങളെ എതിർക്കുന്ന നിഗൂഢ ശക്തികൾക്കും പ്രവണതകൾക്കുമെതിരെ അൽമായ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചില സഭാവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും ചേർന്ന് വ്യവസ്ഥാപിതമായ സീറോ മലബാർസഭയിലെ ഐക്യവും ഭദ്രതയും തകര്‍ക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അൽമായ ഫോറം ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.