കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, കല, സാഹിത്യം, കൃഷി, ടൂറിസം, മത്സ്യബന്ധനം, സാമ്പത്തികം തുടങ്ങി സകല മേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തിയ ഭൂപ്രദേശമാണ് കുട്ടനാട്. മണ്ണിന്റെ മണമുള്ള കര്‍ഷകരാണ് ഈ നാടിന്റെ ആത്മാവ്. കുട്ടനാടന്‍ പാടശേഖരങ്ങളിലെ ചേറു വെള്ളത്തിന് അവരുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്.
'കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന കുട്ടനാട് പൊതുവില്‍ ഹോളണ്ടിനെപ്പോലെ തന്നെ സമുദ്ര നിരപ്പില്‍ നിന്ന് 0.6 മുതല്‍ 2.2 മീറ്റര്‍വരെ താഴ്ന്ന പ്രദേശമാണ്. കനാലുകളും ബണ്ടുകളും ഇവിടെ തലങ്ങും വിലങ്ങുമുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ ഏഴു താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 54 വില്ലേജുകള്‍ ഉള്‍പ്പെട്ട ഭൂപ്രദേശമാണ് കുട്ടനാട്.
പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നീ നാലു നദികളുടെ സംഗമ ഭൂമിയാണ് ഈ ഭൂപ്രദേശം. വരണ്ട പ്രദേശമായി കണക്കാക്കുന്ന 31,000 ഹെക്ടര്‍, താഴ്ന്ന പ്രദേശത്തിലുള്‍പ്പെടുന്ന 66,000 ഹെക്ടര്‍, ജലാശയങ്ങളായ 13,000 ഹെക്ടര്‍ എന്നിവ ഉള്‍പ്പെടെ 1,10,000 ഹെക്ടര്‍ വരുന്നതാണ് കുട്ടനാടിന്റെ ഭൂപ്രകൃതി. പത്തുലക്ഷത്തോളം വരുന്ന ഇവിടത്തെ ജനങ്ങളില്‍ പകുതിയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. നെല്‍പ്പാടങ്ങളിലെ കാര്‍ഷിക വൃത്തിയുടെ ഈ സമൃദ്ധിയാണ് കുട്ടനാടിന്, കേരളത്തിന്റെ നെല്ലറ' എന്ന പേര് സമ്മാനിച്ചത്.
എന്നാല്‍ കാലം മാറിയപ്പോള്‍ കുട്ടനാടിന്റെ ഹരിത സമൃദ്ധിയില്‍ കരിനിഴല്‍ വീണു തുടങ്ങി. നിലം നികത്തല്‍, അശാസ്ത്രീയമായി നിര്‍മ്മിച്ച കനാലുകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവ കുട്ടനാട്ടുകാരുടെ ജീവിതത്തെ ദുരിത പൂര്‍ണമാക്കി. കൃഷി, അടിസ്ഥാന സൗകര്യങ്ങള്‍, മത്സ്യബന്ധനം, പരിസ്ഥിതി, ഭൂഘടന, എന്നിവയെയെല്ലാം തകര്‍ന്നടിഞ്ഞ കുട്ടനാട് ഇന്ന് കേരളത്തിന്റെ കണ്ണീര്‍ വറ്റാത്ത നാടാണ്.
ഈ സാഹചര്യത്തില്‍ കുട്ടനാടിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വിലയിരുത്തി ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് 'കുട്ടനാടിന്റെ കണ്ണീരുണങ്ങണം' എന്ന ഈ ലേഖന പരമ്പരയിലൂടെ സീന്യൂസ് ലൈവ്.
തയ്യാറാക്കിയത്:
ജേക്കബ് കുഞ്ചെറിയ, കൊണ്ടയില്‍, കാവാലം, ആലപ്പുഴ,
ജോബി ജോസഫ്, പാലാക്കുന്നേല്‍, വള്ളാട്ട്, സൗത്ത് പാമ്പാടി.
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന്റെ ദൃശ്യമനോഹാരിതയിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോള്‍ തെക്ക് തിരുവന്തപുരം മുതല്‍ വടക്ക് കാസര്‍ഗോഡ് വരെയുള്ള കടലോര പ്രദേശം. ജലാശയങ്ങളാലും, കായലുകളാലും, അരുവികളാലും നിറഞ്ഞു നില്‍ക്കുന്ന കുട്ടനാടന്‍ ഭൂപ്രദേശം. വെള്ളച്ചാട്ടങ്ങളാലും, കോട മഞ്ഞിനാലും മൂടിയ പശ്ചിമഘട്ട മലനിരകള്‍ എന്നിങ്ങനെ മൂന്ന് ഭൂപ്രദേശങ്ങളായി തിരിഞ്ഞിരിക്കുന്നു.
നാനാ ജാതിമതസ്ഥര്‍ ഇടതിങ്ങി പാര്‍ക്കുന്ന ഈ കൊച്ചുകേരളം ലോക പ്രശസ്തങ്ങളായ ക്രൈസ്തവ ദേവാലയങ്ങളാലും, ഹൈന്ദവ ക്ഷേത്രങ്ങളാലും, മോസ്‌ക്കളാലും അനുഗ്രഹീതമായ ഭൂമിയാണ്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയും, അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന എരുമേലി വാവര് പള്ളിയും, അനുഗ്രഹങ്ങളുടെ നിറവായ അര്‍ത്തുങ്കല്‍ പള്ളിയും മതമൈത്രിയുടെ മകുടോദാഹരങ്ങളാണ്.
തൃശൂര്‍ പൂരം, പുലികളി, തൃപ്പുണിത്തുറ അത്തച്ചമയം, മലബാറിലെ തെയ്യം, കഥകളി, കൂടിയാട്ടം, നഹ്റു ട്രോഫി, രാജീവ് ഗാന്ധി ട്രോഫി, നീരേറ്റുപുറം ജലോത്സവം, ഉതൃട്ടാതി വള്ളം കളി, ആറന്മുള ജലോത്സവം തുടങ്ങിയ വള്ളം കളികള്‍ ഇവയെല്ലാം തന്നെ ദൈവത്തിന്റെ സ്വന്തം നാടെന്ന നിലയില്‍ കേരളത്തെ ലോക പ്രശസ്തമാക്കുന്ന സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന ആഘോഷങ്ങളാണ്.
നെഹ്റു കയ്യൊപ്പു ചാര്‍ത്തിയ നെഹ്റു ട്രോഫി വള്ളം കളി ജനശ്രദ്ധ ആകര്‍ഷിക്കുന്ന കുട്ടനാടിന്റെ അപൂര്‍വമായ ജലോത്സവമാണ്. ഏകദേശം 50,000 ഏക്കറോളം കണ്ണെത്താദൂരത്തു പടര്‍ന്നു കിടക്കുന്ന കുട്ടനാടന്‍ പാടശേഖരം കണ്ണിനു കുളിര്‍മയേകുന്ന ഒന്നു തന്നെയാണ്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന കുട്ടനാട് കേരള ജനതയെ അന്നമൂട്ടുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു.
കുട്ടനാട്ടിലെ തെങ്ങു കൃഷി വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. മധുരമൂറുന്ന കരിക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍ തന്നെ മധുരക്കള്ളു വ്യവസായവും രുചിയൂറും വിഭവങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയും കുട്ടനാടന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകം തന്നെയാണ്.
കുട്ടനാടന്‍ കായലുകളിലെ കരിമീന്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാവുന്ന ഒരു തനതു കുട്ടനാടന്‍ വിഭവമാണ്. കുട്ടനാടന്‍ കായലുകളിലെ കൊഞ്ച്, തവള, കക്ക ഇറച്ചി, താറാവ് കറി എന്നിവയെല്ലാം തന്നെ കുട്ടനാടന്‍ ടൂറിസം മേഖലയുടെ കീര്‍ത്തി ലോകമെമ്പാടും എത്തിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്.
കുട്ടനാടിനെ ചുറ്റിപ്പറ്റി കിടക്കുന്ന യാത്രയിലെ കാഴ്ചകള്‍ക്ക് പിന്‍ബലമേകുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍, കായലുകളെയും നെല്‍വയലുകളെയും മുറിച്ചു കടന്നു പോകുന്ന റോഡുകള്‍, കായലോരങ്ങളെ ചുറ്റി വലം വെയ്ക്കുന്ന ഹൗസ് ബോട്ടുകള്‍ ഇവയെല്ലാം തന്നെ കുട്ടനാടിന്റെ മനോഹാരിത വിനോദ സഞ്ചാരികളിലേക്കു എത്തിക്കുകയും ആസ്വാദ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നവയാണ്. ഇത്രയധികം പ്രകൃതി ഭംഗി വഴിഞ്ഞൊഴുകുന്ന ആസ്വാദ്യമായ കുട്ടനാട് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കാന്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിന്റെ നവോത്ഥാനത്തില്‍ മുഖ്യ പങ്കു വഹിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ദീര്‍ഘ വീക്ഷണം വിദ്യാഭ്യസ മേഖലയില്‍ സൃഷ്ടിച്ച വിപ്ലവം വളരെ വലുതാണ്. ജാതിമത ഭേദമന്യേ എല്ലാവരെയും ഒന്നിച്ചിരുത്തി വിദ്യ പകര്‍ന്നു നല്‍കുന്നതിന് നേതൃത്വം നല്‍കിയ ആ മഹനീയ വ്യക്തിത്വം കുട്ടനാടന്‍ ഗ്രാമമായ കൈനകരിയുടെ സംഭാവനയാണ്. മലയാളത്തിന്റെ ആദ്യത്തെ ദിനപത്രമായ ദീപിക 1887ല്‍ അച്ചടിച്ചു പുറത്തു വരുവാന്‍ ചാവറ പിതാവ് വഹിച്ച പങ്ക് വളരെ വലുതാണ്.
കുട്ടനാടിന്റെ തനതു ജീവിത രീതികളെ ഒപ്പിയെടുത്ത സാഹിത്യകാരന്മാരായ തകഴി ശിവശങ്കര പിള്ള, കാവാലം നാരായണപ്പണിക്കര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, അയ്യപ്പ പണിക്കര്‍ എന്നിവര്‍ മലയാള സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവാത്തതും കുട്ടനാടിന്റെ പ്രശസ്തി ലോകത്തിന്റെ നിറുകയില്‍ എത്തിച്ചവരുമാണ്.
നടന്‍ നെടുമുടി വേണു, വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാം, കേരളത്തിന്റെ ആദ്യത്തെ സ്റ്റുഡിയോ ആയ ഉദയ സ്റ്റുഡിയോയുടെ സ്ഥാപകന്‍ കുഞ്ചാക്കോ, സിനിമ നിര്‍മാതാവായ നവോദയ അപ്പച്ചന്‍ എന്നിവര്‍ കുട്ടനാടിന്റെ ഭാഗമായ പ്രശസ്തമായ വ്യക്തിതങ്ങളാണ്.
ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചാല്‍ കഠിനാധ്വാനികളായ കുട്ടനാടിന്റെ സ്വന്തം കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും നമുക്ക് കാണുവാന്‍ സാധിക്കും. പ്രഭാതത്തില്‍ എഴുന്നേറ്റ് അവരവരുടെ പുരയിടങ്ങളിലും നെല്‍വയലുകളിലും പണിയെടുത്തിരുന്ന അവരുടെ കഠിനാധ്വാനമാണ് ഇന്നത്തെ ആധുനിക കുട്ടനാടിന്റെ പുരോഗതിയുടെ അടിസ്ഥാന ശില.
ആ കാലഘട്ടങ്ങളില്‍ കുട്ടനാടന്‍ മേഖലകളിലെ യാത്ര സൗകര്യം ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും, അവരവരുടെ സ്വന്തം പേരിലുള്ള ചെറു ബോട്ടുകളും നെല്ല്, തേങ്ങാ, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കെട്ടു വള്ളങ്ങളും ചെറുവള്ളങ്ങളും ഒക്കെയായിരുന്നു. വിവിധങ്ങളായ കൃഷികളാല്‍ നിറഞ്ഞു നില്‍ക്കുന്ന കുട്ടനാട് എന്നും സമ്പല്‍ സമൃദ്ധിയുടെ ഒരു പ്രതീകമായിരുന്നു.
നെല്‍കൃഷിയുടെ മേഖലയിലേക്ക് കടന്നു ചെന്നാല്‍ ജാതിമത, സ്ത്രീപുരുഷ ഭേദമന്യേ അവരവരുടെ പാടശേഖരങ്ങളില്‍ ഒന്നിച്ചിറങ്ങി അധ്വാനിച്ചുണ്ടാക്കിയ വിയര്‍പ്പിന്റെയും ചേറിന്റെയും മണമുള്ള കുട്ടനാടന്‍ നെല്‍കൃഷി കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കു തന്നെ മുതല്‍ക്കൂട്ടായിരുന്നു.
ഉപജീവനത്തിനായി മീന്‍ പിടിക്കാന്‍ പോകുന്നവരും കായലുകളിലും പുഴകളിലും കട്ട കുത്താന്‍ പോകുന്നവരും ചെത്തുതൊഴിലാളികളും താറാവ് കൃഷിക്കാരും കുട്ടനാടന്‍ ദൈനം ദിന ജീവിതത്തിന്റെ മനോഹരമായ കാഴ്ചകളായിരുന്നു. എന്നാല്‍ ആ നല്ല കാലങ്ങള്‍ ഇന്ന് കുട്ടനാടന്‍ ഭൂപ്രകൃതിയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്ന
(തുടരും)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.