ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ സമ്പര്‍ക്ക പട്ടിക ഉടന്‍ ശക്തിപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഒരു പോസിറ്റിവ് കേസില്‍ 20 മുതല്‍ 25 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കണം. രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും നിര്‍ദേശമുണ്ട്. വാക്സിനെടുത്തതിന് ശേഷം രോഗം വന്നവരുടെ ആരോഗ്യാവസ്ഥയെ പറ്റി പഠനം നടത്തണം.
രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തില്‍ നിന്നാണ്. കേരളമടക്കം ഒന്നു രണ്ട് സംസ്ഥാനങ്ങളിലെ വ്യാപനം ഒഴിച്ചു നിര്‍ത്തിയാല്‍ രാജ്യത്ത് പൊതുവില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുമ്പ് തന്നെ അത് മുന്‍കൂട്ടി മനസിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഇതിന് പ്രാദേശിക തലത്തിലുള്ള നടപടികളായിരിക്കും കൂടുതല്‍ ഫലപ്രദമെന്നും അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.