ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവര്‍ത്തിത്വവും: കെസിബിസി

 ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവര്‍ത്തിത്വവും: കെസിബിസി

പാലാ രൂപതാ മെത്രാന്‍  മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍  ഉത്തരവാദിത്വത്തോടെ  ചര്‍ച്ച ചെയ്യുകയാണ് യുക്തം.

കൊച്ചി: തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ചുള്ള സാധാരണ ജനങ്ങളുടെ ആശങ്കകള്‍ ഉള്‍ക്കൊണ്ട് ശരിയായ അന്വേഷണങ്ങള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി.

ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആശങ്ക പങ്കു വയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത പാലാ രൂപതാ മെത്രാനായ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ
ചര്‍ച്ച ചെയ്യുകയാണ് യുക്തമെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

കേരള സമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികള്‍ തുറന്നു പറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നു പറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന മുന്‍വിധി ആശാസ്യമല്ല. പകരം  ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണം.

വര്‍ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യം വയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണം.

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി അറിവില്ല.

കേരളം ഗൗരവതരമായ ഇത്തരം സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെങ്കില്‍ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാണ്.

മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്ര സഭയുടെ തന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെസിബിസി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.