തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എന്‍ജിനിയറിംഗ് കോളേജ് അധ്യാപകരില്‍ 961 അധ്യാപകർ അയോഗ്യരെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) കണ്ടെത്തൽ. ഇത് സംബന്ധിച്ച് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സി.എ.ജി റിപ്പോർട്ട് നൽകി.
ഇതേത്തുടർന്ന്, സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജ് പ്രിൻസിപ്പൽമാരോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. സർക്കാർ ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകളിൽ നിയമിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ യോഗ്യതകൾ സർവ്വകലാശാല പരിശോധിക്ക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേർ കോളേജുകളിൽ തുടരുന്നുണ്ട്.
സർക്കാർ എൻജിനിയറിങ് കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജിൽ 69, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 750 എന്നിങ്ങനെ അയോഗ്യരായ അധ്യാപകരുണ്ടെന്നാണ് സി.എ.ജി. കണ്ടെത്തിയത്. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മാത്രം അസോസിയേറ്റ് പ്രൊഫസർ-487, പ്രിൻസിപ്പൽ-4, പ്രൊഫസർ-259 എന്നിങ്ങനെയുള്ള നിയമനങ്ങൾ മാനദണ്ഡം മറികടന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ 2019-ൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന്, യോഗ്യതകളിൽ സർക്കാർ ഇളവുകൾ നൽകിയിരുന്നു. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ തന്നെയാണ് പലപ്പോഴായി ഇളവുകൾ അനുവദിച്ചത്.
2019-ലെ എ.ഐ.സി.ടി.ഇ. മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരുടെ നിയമനത്തിന് പി.എച്ച്.ഡി. നിർബന്ധമാണ്. നേരത്തേ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നവർ അതിനുശേഷം ഏഴുവർഷത്തിനുള്ളിൽ പിഎച്ച്.ഡി. എടുത്താൽ മതിയായിരുന്നു. സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി. വേണമെന്ന് എ.ഐ.ടി.സി.ടി.ഇ നിർദേശം പുതുക്കിയതോടെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചെങ്കിലും എ.ഐ.സി.ടി.ഇ. മാനദണ്ഡം സുപ്രീം കോടതി ശരിവെച്ചു. അതോടെ സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി. നിർബന്ധമായി മാറി.
അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാരപരിധിയിൽ പെട്ടതാണെങ്കിലും സാങ്കേതിക സർവകലാശാല പരിശോധനകൾ നടത്തിയിരുന്നില്ല. അതേസമയം യോഗ്യത ഇല്ലാത്തവരെ ഉത്തരകടലാസ് പരിശോധനയ്ക്കായി നിയമിക്കുക വഴി വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടത് സർവ്വകലാശാലയുടെ കാര്യപ്രാപ്തി കുറവുകൊണ്ടാണ് ആക്ഷേപം ശക്തമായിരുന്നു. എന്നാൽ ലോകായുക്ത ഉത്തരവോടെ ഉത്തരക്കടലാസുകളുടെ പുനഃപരിശോധന നടത്തിയ കുട്ടികൾക്ക് മികച്ച മാർക്ക് ലഭിച്ചതും കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.