കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം: പ്രതി റമീസിന്റെ സുഹൃത്ത് സഹദിനെ കസ്റ്റഡിയിലെടുത്തു

കോതമംഗലത്ത് യുവതി ജീവനൊടുക്കിയ സംഭവം: പ്രതി റമീസിന്റെ സുഹൃത്ത് സഹദിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ കാമുകന്‍ റമീസിന്റെ സുഹൃത്ത് സഹദും കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നതാണ് സഹദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. റമീസില്‍ നിന്ന് നേരിട്ട അവഗണനയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മതം മാറാത്തതിന്റെ പേരില്‍ പെണ്‍കുട്ടി അവഗണന നേരിട്ടുവെന്നും പൊലീസ് പറഞ്ഞു.

ആത്മഹത്യാ പ്രേരണാക്കുറ്റം, ദേഹോപദ്രവമേല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റമീസിന്റെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതോടെ യുവാവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. റമീസ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മത പരിവര്‍ത്തനമായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.

കോതമംഗലം കറുകടം സ്വദേശിയായ സോനയും റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിടെ ഇവര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

റമീസിന്റെയും യുവതിയുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് 'ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.