ബെംഗളൂരുവില്‍ രണ്ട് ദിവസത്തിനിടെ കാണാതായത് ഏഴ് വിദ്യാര്‍ഥികളെ; കുട്ടികളുടേതെന്ന നിലയില്‍ കത്തുകളും കണ്ടെടുത്തു

ബെംഗളൂരുവില്‍ രണ്ട് ദിവസത്തിനിടെ കാണാതായത് ഏഴ് വിദ്യാര്‍ഥികളെ; കുട്ടികളുടേതെന്ന നിലയില്‍ കത്തുകളും കണ്ടെടുത്തു

ബെംഗളൂരു: രണ്ട് ദിവസത്തിനിടെ നഗരത്തില്‍ നിന്ന് കാണാതായത് ഏഴ് വിദ്യാര്‍ഥികളെ. ബെംഗളൂരു ഹെസാറഘട്ട റോഡ്, എ.ജി.ബി ലേഔട്ട് എന്നിവിടങ്ങളില്‍ നിന്നാണ് കോളേജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ കാണാതായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹെസാറഘട്ട റോഡിലെ സൗന്ദര്യ ലേഔട്ട് നിവാസികളും പത്താം ക്ലാസ് വിദ്യാര്‍ഥികളുമായ പരിക്ഷിത്, നന്ദന്‍, കിരണ്‍ എന്നിവരെ ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. അന്നേ ദിവസം വൈകിട്ട് വരെ മാതാപിതാക്കള്‍ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികളുടെയും വീട്ടില്‍ നിന്ന് കത്തുകള്‍ കണ്ടെടുത്തു. പഠിക്കാന്‍ താല്‍പര്യമില്ലെന്നും നല്ലപേരും പണവും സമ്പാദിച്ച ശേഷം തിരിച്ചെത്തുമെന്നുമാണ് മൂവരും കത്തുകളില്‍ എഴുതിയിരിക്കുന്നത്. പഠനത്തേക്കാള്‍ തങ്ങള്‍ക്ക് താല്‍പര്യം കായിക മേഖലയിലാണ്. കബഡിയാണ് ഏറെ ഇഷ്ടം. കബഡിയില്‍ നല്ലൊരു പേരുണ്ടാക്കുമെന്നും അതിനു ശേഷമേ തിരികെ വരികയുള്ളൂവെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ പ്രദേശവാസികളുടെ മൊഴികള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചിരുന്നു. ഞായറാഴ്ചയാണ് എ.ജി.ബി റോഡിലെ ക്രിസ്റ്റല്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന നാല് പേരെ കാണാതായത്. ബി.സി.എ വിദ്യാര്‍ഥിനിയായ അമൃതവര്‍ഷിണി (21) 12 വയസുകാരായ റോയന്‍ സിദ്ധാര്‍ഥ്, ചിന്തന്‍, ഭൂമി എന്നിവരെയാണ് ഞായറാഴ്ച രാവിലെ മുതല്‍ കാണാതായത്.

രാവിലെ അവരുവരുടെ ഫ്ളാറ്റുകളില്‍ നിന്ന് പുറത്തേക്ക് പോയ ഇവര്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തുടര്‍ന്ന് സോളദേവനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ മൂന്ന് കൂട്ടികളും അമൃതവര്‍ഷിണിക്കൊപ്പമാണ് അപ്പാര്‍ട്ട്മെന്റില്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അമൃതവര്‍ഷിണി കുട്ടികളുമായി എങ്ങോട്ടോ പോയിരിക്കാമെന്നാണ് ഇവരുടെ സംശയം. ഇതിനിടെ കുട്ടികളിലൊരാളുടെ ഫ്ളാറ്റില്‍ നിന്ന് ഒരു കത്തും കണ്ടെടുത്തു. ചെരിപ്പുകളും ടൂത്ത് ബ്രഷും വെള്ളക്കുപ്പിയും പണവും എടുക്കണമെന്നാണ് ഈ കത്തില്‍ എഴുതിയിരുന്നത്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.